കൊയിലാണ്ടിയിൽ ദാരുണ കൊലപാതകം… മധ്യവയസ്കയെ ഷെഡ്ഡിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയിൽ മധ്യവയസ്കയെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് സ്വദേശി സുധ (56) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. പൊയിൽക്കാവ് ബീച്ചിന് സമീപമുള്ള നാലുസെന്റ് കോളനിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ഷെഡ്ഡിനുള്ളിൽ കടുത്ത രീതിയിൽ വെട്ടേറ്റ്, രക്തത്തിൽ കുളിച്ച നിലയിലായിരുന്നു സുധയുടെ മൃതദേഹം. പൊലീസ് എത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്കിടെ മൃതദേഹത്തിന് തൊട്ടരികിൽ നിന്നുതന്നെ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന വാക്കത്തിയും കണ്ടെടുത്തു.

സുധയുടെ കൊലപാതകത്തിന് പിന്നിൽ ഭർത്താവ് കൃഷ്ണൻകുട്ടിയാണെന്നാണ് പൊലീസ് പ്രാഥമികമായി സംശയിക്കുന്നത്. കൊലപാതക വിവരത്തിന് പിന്നാലെ കൃഷ്ണൻകുട്ടിയെ പ്രദേശത്തുനിന്നും കാണാതായിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇരുവരും തമ്മിൽ വീട്ടിൽ സ്ഥിരമായി വഴക്കും പ്രശ്നങ്ങളും നടക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുടുംബവഴക്കാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഭവം നടന്ന സ്ഥലത്ത് കൊയിലാണ്ടി പൊലീസ് ക്യാമ്പ് ചെയ്ത് കർശന പരിശോധന നടത്തി വരികയാണ്. തുടർനടപടികളുടെയും തെളിവുശേഖരണത്തിന്റെയും ഭാഗമായി വിരലടയാള വിദഗ്ധരും, സയന്റിഫിക് ഉദ്യോഗസ്ഥരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ പൂർത്തിയാക്കി. ഒളിവിൽ പോയ പ്രതി കൃഷ്ണൻകുട്ടിയെ ഉടൻ തന്നെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Related Articles

Back to top button