25 ലക്ഷത്തിന്റെ ഇലക്ഷൻ ഗ്യാരന്റിക്ക് ബജറ്റിൽ വകയിരുത്തിയത് വെറും 10 കോടി… വീണ ജോർജ്

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ആരോഗ്യ മേഖലയോട് കാണിച്ച കടുത്ത അവഗണനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രംഗത്ത്. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ജനങ്ങൾക്ക് നൽകിയ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായ ’25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പദ്ധതി’ വെറും മോഹന വാഗ്ദാനം മാത്രമായി മാറിയെന്ന് അവർ കുറ്റപ്പെടുത്തി. ഈ വൻ പദ്ധതിക്കായി ബജറ്റിൽ ആകെ നീക്കിവച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ അക്കമിട്ട് നിരത്തിയാണ് വീണ ജോർജ് പുതിയ ബജറ്റിനെ വിമർശിച്ചത്. എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 8,700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാർഡുള്ള ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഓരോ വർഷവും എൽഡിഎഫ് ഉറപ്പാക്കിയിരുന്നു. 42.5 ലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റിൽ എൽഡിഎഫ് സർക്കാർ സൗജന്യ ചികിത്സയ്ക്കായി 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ നിലവിലെ യുഡിഎഫ് ബജറ്റിൽ ഇത് വെറും 700 കോടി രൂപയായി ചുരുങ്ങി. അതായത് മുൻ സർക്കാരിനേക്കാൾ 200 കോടി രൂപയുടെ കുറവ്. യുഡിഎഫ് പ്രഖ്യാപിച്ചതുപോലെ 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകണമെങ്കിൽ ബജറ്റിൽ ഇതിന്റെ എത്രയോ ഇരട്ടി തുക മാറ്റിവയ്ക്കേണ്ടതായിരുന്നു എന്ന് വീണ ജോർജ് പറഞ്ഞു. എന്നാൽ അതുണ്ടാകാത്തത് നിലവിലുള്ള ചികിത്സാ സഹായങ്ങളെപ്പോലും ബാധിക്കുമെന്ന ആശങ്കയുണർത്തുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ല. ഇടതുപക്ഷ സർക്കാർ വിജയകരമായി നടപ്പിലാക്കിയ ആൻജിയോപ്ലാസ്റ്റി, സങ്കീർണ്ണമായ മറ്റ് ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ ഉൾപ്പെടെയുള്ള ചെലവേറിയ ചികിത്സകൾക്ക് ലക്ഷക്കണക്കിന് ആളുകളാണ് നിലവിൽ ഈ കാരുണ്യ പദ്ധതിയെ ആശ്രയിക്കുന്നത്. ഈ പദ്ധതികൾ അട്ടിമറിക്കപ്പെടില്ലെന്നും സാധാരണക്കാർക്കുള്ള സൗജന്യ ചികിത്സ തുടരുമെന്നും ഉറപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു. വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്….’സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത് . ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.25 ലക്ഷം രൂപ സൗജന്യ ചികിത്സ നൽകുന്ന പദ്ധതി യു ഡി എഫിന്റെ ഇലക്ഷൻ ഗ്യാരന്റി ആയിരുന്നു. പക്ഷെ ഇതിനായി ബജറ്റിൽ ആകെ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപയാണ്.എൽ ഡി എഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാസ്പ് കാർഡുള്ള ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഓരോ വർഷവും എൽഡിഎഫ് നൽകി വന്നു. 42.5 ലക്ഷം കുടുംബങ്ങൾക്കാണ് ആരോഗ്യ പരിരക്ഷാ കാർഡ് ഉണ്ടായിരുന്നത്. ഫെബ്രുവരിയിലെ ബജറ്റിൽ 900 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി എൽഡിഎഫ് വകയിരുത്തിയിരുന്നത്. യു ഡി എഫ് സർക്കാരിന്റെ ബജറ്റ് അനുസരിച്ചാണെങ്കിൽ അവർ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 700 കോടി രൂപ. അതായത് എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവ്. 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകണമെങ്കിൽ ഇതിന്റെ എത്രയോ ഇരട്ടി ബജറ്റിൽ മാറ്റിവയ്ക്കണം. അത് ഉണ്ടായിട്ടില്ല.സൗജന്യ ചികിത്സയ്ക്കായി നിലവിൽ ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ആൻജിയോപ്ലാസ്റ്റി, സങ്കീർണ ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ ഉൾപ്പെടെയുള്ള ചിലവേറിയ ചികിത്സകൾക്ക് ലക്ഷക്കണക്കിന് ആളുകൾക്ക് സഹായകരമാകുന്ന സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കപ്പെടരുത്. സൗജന്യ ചികിത്സാ പദ്ധതി തുടരും എന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം.എൽ ഡി എഫ് സർക്കാർ ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം….’



