മഞ്ചേരി കൗൺസിലർ അബ്ദുൾ ജലീൽ വധക്കേസ്; മുങ്ങിയ ഒന്നാം പ്രതി പിടിയിൽ

മഞ്ചേരി നഗരസഭ മുൻ കൗൺസിലർ തലാപ്പിൽ അബ്ദുൾ ജലീലിന്റെ കൊലപാതകക്കേസിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയിരുന്ന ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നെല്ലിക്കുത്ത് കോട്ടക്കുത്ത് സ്വദേശിയായ ഷുഹൈബ് (കൊച്ചു–29) പിടിയിലായത്.

കേസിൽ വിധി പറയാനിരുന്ന ദിവസം കോടതിയിൽ ഹാജരാകാതിരുന്ന ഷുഹൈബ് ഒളിവിൽ പോയതിനെ തുടർന്ന് കോടതി കേസ് മാറ്റിവെക്കുകയും ഇയാളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാർക്കെതിരെ കേസെടുക്കാനും ഓരോ ലക്ഷം രൂപ വീതം കോടതിയിൽ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടിരുന്നു.

ഷുഹൈബ് വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 5-ന് മുമ്പ് പ്രതിയെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിരിക്കെയാണ് അറസ്റ്റ്.

അതേസമയം, കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് ഒലിപ്രക്കാട് സ്വദേശി അബ്ദുൽ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി ഷംസീർ (36) എന്നിവർ വ്യാഴാഴ്ച കോടതിയിൽ ഹാജരായിരുന്നു.

Related Articles

Back to top button