സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം…ഒരാള്‍ക്ക് വെടിയേറ്റു…സംഭവം….

തൃശൂര്‍: വരന്തരപ്പിള്ളി വേലൂപ്പാടത്ത് സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ആണ് എയര്‍ ഗണ്ണില്‍നിന്നുള്ള വെടിയേറ്റ് ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റത്. വരന്തരപ്പിള്ളി പഞ്ഞിക്കാരന്‍മൂല കൂട്ടിങ്ങല്‍ അരുണ്‍ (43) നാണ് വെടിയേറ്റത്.ഇയാളുടെ സുഹൃത്ത് വേലൂപ്പാടം കിണര്‍ ചിറ്റിലപ്പിള്ളി വീട്ടില്‍ പ്രിയന്‍ (37) പൊലീസ് കസ്റ്റഡിയിലാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വേലുപ്പാടത്തെ പ്രിയന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഒന്നിച്ച് മദ്യപിക്കുന്നതിനിടെ അരുണ്‍, പ്രിയന്റെ ബൈക്ക് ഓടിക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. ബൈക്ക് നല്‍കാന്‍ പ്രിയന്‍ വിസമ്മതിച്ചതോടെ അരുണ്‍ വീട്ടിലുണ്ടായിരുന്ന ഇരുമ്പ് വടി കൊണ്ട് പ്രിയനെ തലയ്ക്കടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പ്രിയന്‍ വീടിനകത്തുനിന്ന് എയര്‍ഗണ്‍ എടുത്ത് അരുണിനെ വെടിവെക്കുകയായിരുന്നു.



