കനത്ത മഴയിൽ പി.സി. ജോർജിന്റെ വീട്ടിലും വെള്ളം.. 30 ലക്ഷം രൂപയുടെ….

കോട്ടയം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും പൂഞ്ഞാർ മേഖലയിലും വ്യാപക നാശനഷ്ടം. വീടുകളിലും കടകളിലും റോഡുകളിലും വെള്ളം കയറിയതോടെ ജനജീവിതം സാരമായി ബാധിച്ചു. കനത്ത മഴയെ തുടർന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.സി. ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും ഭാര്യ ഉഷ നടത്തുന്ന സ്ഥാപനത്തിലുമായി ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു.

വീട്ടിനകത്ത് മൂന്നരയടി വരെ വെള്ളം കയറിയതായും, ഫ്രിഡ്ജുകൾ, ടെലിവിഷൻ, വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയ്ക്ക് വലിയ നാശനഷ്ടമുണ്ടായതായും പി.സി. ജോർജ് വ്യക്തമാക്കി. രണ്ട് ഇന്നോവ കാറുകളിലും വെള്ളം കയറിയിട്ടുണ്ട്. ഭാര്യ ഉഷ നടത്തുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലും വെള്ളം കയറി വിലകൂടിയ സാരികൾ ഉൾപ്പെടെ സാധനങ്ങൾ നശിച്ചതായും, അവിടെ മാത്രം ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. “40 വർഷമായി ഇവിടെ താമസിക്കുന്നു. ഇത്രയും വെള്ളം വീട്ടിൽ കയറുന്നത് ആദ്യമായാണ്. എന്നാൽ, എന്നേക്കാൾ വലിയ ദുരിതം അനുഭവിക്കുന്നവർ ഈ മേഖലയിലുണ്ട്,” എന്നും പി.സി. ജോർജ് പ്രതികരിച്ചു. പൂഞ്ഞാർ മേഖലയിൽ കഴിഞ്ഞ ദിവസം 213 മില്ലീമീറ്റർ വരെ മഴ രേഖപ്പെടുത്തിയിരുന്നു. അർധരാത്രിയോടെ വെള്ളം ഉയരാൻ തുടങ്ങിയതോടെ പുലർച്ചെ മൂന്ന് മണിയോടെ ഈരാറ്റുപേട്ട–പാലാ റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.

Related Articles

Back to top button