തിരുവനന്തപുരം കോർപ്പറേഷൻ ചരിത്രത്തിലെ ഗുണ്ടാ തലവൻ…. ബിജെപി കൗൺസിലർ സുഗതനെതിരെ വി. ശിവൻകുട്ടി

തിരുവനന്തപുരം: വധശ്രമക്കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെതിരെയും കോർപ്പറേഷൻ ഭരണസമിതിക്കെതിരെയും കടുത്ത ആരോപണങ്ങളുമായി മുൻ മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽ ഇതുപോലൊരു ഗുണ്ടാ തലവൻ ഉണ്ടായിട്ടില്ലെന്നും, വഴോട്ട്‌കോണം ജനങ്ങൾക്ക് പറ്റിയ അബദ്ധമാണ് സുഗതനെന്നും വി. ശിവൻകുട്ടി പറഞ്ഞു. സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി കോർപ്പറേഷനിൽ അധികാരത്തിൽ വന്നതിന് ശേഷം തിരുവനന്തപുരം നാറിയെന്നും, സുഗതന്റെ നേതൃത്വത്തിൽ കോർപ്പറേഷനുള്ളിൽ ആയുധ ശേഖരം ഉണ്ടെന്ന് ന്യായമായി സംശയിക്കുന്നതായും ശിവൻകുട്ടി ആരോപിച്ചു. ഇക്കാര്യത്തിൽ പൊലീസ് അടിയന്തരമായി പരിശോധന നടത്തണം. കോർപ്പറേഷനിൽ ഇപ്പോൾ ‘റീൽസ് ഭരണമാണ്’ നടക്കുന്നത്. മേയറും ഡെപ്യൂട്ടി മേയറും രാവിലെ മുതൽ റീൽസ് ചെയ്യുക മാത്രമാണ് പണിയെന്നും വി. ശിവൻകുട്ടി പരിഹസിച്ചു. ഇത്രയും ക്രിമിനൽ സ്വഭാവമുള്ള ഒരാൾ നഗരസഭയിൽ മുൻപ് കൗൺസിലറായി ഇരുന്നിട്ടില്ലെന്ന് മുൻ മന്ത്രി കെ.എൻ. ബാലഗോപാലും കുറ്റപ്പെടുത്തി. കേരളത്തെ ഉത്തരേന്ത്യയെപ്പോലെ ആക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ ഉത്തരേന്ത്യൻ രാഷ്ട്രീയം നടപ്പാക്കാൻ കേരളത്തിൽ അനുവദിക്കില്ല. മുൻ ഡിജിപി ആർ. ശ്രീലേഖ കാപ്പ കേസ് പ്രതിക്ക് വേണ്ടി തെരുവിൽ മുദ്രാവാക്യം വിളിച്ചതിനെയും ബാലഗോപാൽ വിമർശിച്ചു. ഇവരാണല്ലോ മുൻപ് ഡിജിപി ആയി ഇരുന്നതെന്നും അദ്ദേഹം ചോദിച്ചു.

സുഗതന്റെ അറസ്റ്റിനെക്കുറിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ പറഞ്ഞത് ‘പട്ടി ഷോ’ ആണെന്നായിരുന്നു സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി. ജോയ്‌യുടെ പ്രതികരണം. നിങ്ങളുടെ കാലത്ത് ഇതൊക്കെ പട്ടി ഷോ ആയിരുന്നോ എന്ന് ജോയ് ചോദിച്ചു. ഈ മാസം 23-ന് മുൻപ് കൗൺസിലറെ പുറത്താക്കിയില്ലെങ്കിൽ കോർപ്പറേഷന് മുന്നിൽ ഇടത് കൗൺസിലർമാർ റിലേ സത്യാഗ്രഹം ഇരിക്കുമെന്നും വി. ജോയ് മുന്നറിയിപ്പ് നൽകി. നേരത്തെ, വധശ്രമക്കേസിൽ ഒളിവിലായിരുന്ന സുഗതനെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു നടപടി. കാപ്പ ചുമത്തിയിട്ടുള്ള ഇയാളെ അറസ്റ്റ് ചെയ്യാൻ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. പിടികൂടാനെത്തിയ പൊലീസിനെ സുഗതന്റെ അനുയായികൾ വളഞ്ഞതിനെത്തുടർന്ന് എസ്.എച്ച്.ഒയ്ക്ക് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നിരുന്നു. അനുയായികളുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ താൻ ഒളിവിലായിരുന്നില്ലെന്നും ചിക്കൻ പോക്സ് ബാധിച്ച് വിശ്രമത്തിലായിരുന്നു എന്നുമാണ് സുഗതന്റെ വാദം. പൊലീസിനെ ആക്രമിച്ചതിനും സുഗതനെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button