ഗാഢനിദ്ര വേണോ? ഉറങ്ങാൻ കിടക്കും മുൻപ്….

രാത്രിയിൽ കിടക്കയിൽ എത്ര തിരിഞ്ഞു കിടന്നാലും ഉറക്കം വരുന്നില്ലേ? എന്നാൽ ഇതിനൊരു എളുപ്പവഴിയുണ്ട്. ഉറങ്ങാൻ കിടക്കുമ്പോൾ കാലിൽ ഒരു ജോടി സോക്സ് ധരിക്കുന്നത് പെട്ടെന്ന് ഗാഢനിദ്രയിലോട്ട് വഴുതിവീഴാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും ഇതിനു പിന്നിൽ വ്യക്തമായ ശാസ്ത്രീയ കാരണങ്ങളുണ്ട്.
ശരീര താപനിലയും ഉറക്കവും
ഉറക്കം എന്നത് കേവലം ക്ഷീണം കൊണ്ട് മാത്രമല്ല, ശരീര താപനിലയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ശരീരത്തിന്റെ ആന്തരിക താപനില അല്പം കുറയേണ്ടതുണ്ട്. കാലുകളിൽ സോക്സ് ധരിക്കുമ്പോൾ രക്തക്കുഴലുകൾ വികസിക്കുകയും, ശരീരത്തിലെ അധിക ചൂട് കൈകാലുകൾ വഴി പുറത്തേക്ക് പോവുകയും ചെയ്യും. ഇത് ശരീരത്തിന്റെ ആന്തരിക താപനില കുറയ്ക്കുകയും, ഉറങ്ങാനുള്ള സമയമായി തലച്ചോറിന് സന്ദേശം നൽകുകയും ചെയ്യുന്നു.
പഠനങ്ങൾ പറയുന്നത് ഇങ്ങനെ
ജേണൽ ഓഫ് ഫിസിയോളജിക്കൽ ആന്ത്രോപോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ട് ഈ ശീലത്തിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്നുണ്ട്. സോക്സ് ധരിച്ച് ഉറങ്ങിയവർ സാധാരണയേക്കാൾ 7.5 മിനിറ്റ് വേഗത്തിൽ ഉറങ്ങാൻ തുടങ്ങുകയും, 32 മിനിറ്റ് കൂടുതൽ സമയം തടസ്സമില്ലാതെ ഉറങ്ങുകയും ചെയ്തതായി പഠനം കണ്ടെത്തി. ഇവരുടെ ഉറക്കത്തിന്റെ കാര്യക്ഷമതയിൽ 7.6 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
- പ്രധാന നേട്ടങ്ങൾ
പെട്ടെന്ന് ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. - തണുപ്പ് മൂലം രാത്രിയിൽ ഉറക്കം തടസ്സപ്പെടുന്നത് തടയാം.
- കൈകാലുകളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു.
- പാർശ്വഫലങ്ങളില്ലാത്ത തികച്ചും സ്വാഭാവികമായ മാർഗ്ഗമാണിത്.
ആരെല്ലാം ശ്രദ്ധിക്കണം?
ഭൂരിഭാഗം ആളുകൾക്കും ഈ ശീലം ഗുണം ചെയ്യുമെങ്കിലും ചിലർ ഇത് ഒഴിവാക്കുകയോ ഡോക്ടറുടെ ഉപദേശം തേടുകയോ ചെയ്യണം:
- പ്രമേഹം അല്ലെങ്കിൽ പെരിഫറൽ ന്യൂറോപ്പതി ഉള്ളവർ (കാലുകളിലെ സ്പർശനശേഷി കുറഞ്ഞവർ).
- മോശം രക്തചംക്രമണം ഉള്ളവരും റെയ്നോഡ്സ് ഡിസീസ് (Raynaud’s disease) ബാധിച്ചവരും.
- രാത്രിയിൽ അമിതമായി വിയർക്കുന്നവർ.
എങ്ങനെയുള്ള സോക്സുകൾ തിരഞ്ഞെടുക്കണം?
ഉറങ്ങാൻ ഉപയോഗിക്കുന്ന സോക്സുകൾ എപ്പോഴും വൃത്തിയുള്ളതും വായുസഞ്ചാരമുള്ളതുമായിരിക്കണം. വല്ലാതെ ഇറുകിയതും സിന്തറ്റിക് മെറ്റീരിയലുകൾ കൊണ്ടുള്ളതുമായവ ഒഴിവാക്കുക. പകരം കോട്ടൺ അല്ലെങ്കിൽ കമ്പിളി പോലുള്ള സ്വാഭാവിക തുണിത്തരങ്ങൾ തിരഞ്ഞെടുക്കാം. എല്ലാ ദിവസവും പുതിയതും വൃത്തിയുള്ളതുമായ സോക്സ് ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.




