മുഖ്യമന്ത്രി മിടുമിടുക്കൻ… പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ പക്വത ഇല്ലായിരുന്നു, ഇപ്പോൾ പക്വത വന്നു… വെള്ളാപ്പള്ളി

ആലപ്പുഴ: എസ്എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ പെട്ടി പൊട്ടിച്ചപ്പോൾ എതിരാളികൾ പൊട്ടിയെന്ന പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ 30 വർഷമായി തന്നെ വേട്ടയാടുകയാണെന്നും കേസുകളിൽ കുടുക്കാനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയാനും ശ്രമം നടന്നെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചിലർ മാറിനിന്ന് തന്നെ വേട്ടയാടുകയാണ്. ഒരു കേസിൽ പോലും തനിക്കെതിരെ വിധി നേടാൻ ആർക്കും കഴിഞ്ഞിട്ടില്ല. തന്നെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. 30 വർഷമായി ഇതുതന്നെയാണ് അനുഭവമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശനെ പ്രശംസിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും എല്ലാവരും അദ്ദേഹത്തിന് ആ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞുവെന്നും പറഞ്ഞു. മുന്നണിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മുസ്ലിം ലീഗിന് കൂടുതൽ സ്ഥാനങ്ങൾ നൽകിയെന്ന പരാതിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മുഖ്യമന്ത്രി വി ഡി സതീശനുമായി തനിക്ക് പിണക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും പിണക്കമുണ്ടായിരുന്നില്ല. വിഷയാധിഷ്ഠിതമായ അഭിപ്രായങ്ങളാണ് പറഞ്ഞിട്ടുള്ളത്. സതീശൻ കണച്ചികുളങ്ങരയിൽ എത്തിയാൽ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻഎസ്എസ് പറഞ്ഞതുകൊണ്ട് ആരും കണച്ചികുളങ്ങരയിൽ പ്രവേശിക്കരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പദത്തിലെത്തിയ ശേഷം വി ഡി സതീശൻ തന്നെ വിളിക്കുകയോ താൻ അദ്ദേഹത്തെ വിളിക്കുകയോ ചെയ്തിട്ടില്ല. എൻഎസ്എസുമായുള്ള പിണക്കവും ഇണക്കവുമെല്ലാം അവരുടെ കാര്യമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. കോൺഗ്രസിലെ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും പിന്നീട് അവർ ഒന്നിക്കുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അഭിപ്രായം പറയാൻ നിന്നാൽ പറയുന്നവർ പിന്നീട് ഒറ്റപ്പെടും. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശന് പക്വത കുറവായിരുന്നുവെന്നും ഇപ്പോൾ പക്വത വന്നിട്ടുണ്ടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. അന്ന് പറഞ്ഞതെല്ലാം വിഷയാധിഷ്ഠിതമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.



