‘സുഗതനെ കാപ്പ കേസിൽ കുടുക്കിയത് രാഷ്ട്രീയ വേട്ടയാടൽ… നിയമപരമായി നേരിടും’…. പൂർണ്ണ പിന്തുണയുമായി മേയർ വി. വി. രാജേഷ്

തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് പൂർണ്ണ രാഷ്ട്രീയ-നിയമ പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയർ (ബി.ജെ.പി ജില്ലാ പ്രസിഡന്റ്) വി. വി. രാജേഷ്. സുഗതനെ മനഃപൂർവ്വം കാപ്പ കേസിൽ കുടുക്കി വേട്ടയാടുകയാണെന്നും, ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വി. വി. രാജേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അറസ്റ്റ് ചെയ്യും മുൻപ് സുഗതന്റെ വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ്, അദ്ദേഹത്തിന്റെ 14 വയസ്സുകാരനായ മകന് നേരെ തോക്കുചൂണ്ടിയെന്നും മേയർ വെളിപ്പെടുത്തി.

വർഷങ്ങളായി സി.പി.ഐ.എം കുത്തകയാക്കി വെച്ചിരുന്ന സീറ്റിൽ നിന്നാണ് ജനങ്ങൾ സുഗതനെ വിജയിപ്പിച്ചത്. ആ രാഷ്ട്രീയ വിരോധമാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിൽ. സുഗതൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചിട്ടില്ല. വെടിവെപ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടേണ്ട എന്ത് സാഹചര്യമാണ് തലസ്ഥാന നഗരിയിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കണം. സുഗതന്റെ കുടുംബത്തെ ഭയപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചത്. ഇന്ന് തന്നെ താൻ സുഗതന്റെ വീട് സന്ദർശിക്കുമെന്നും വി. വി. രാജേഷ് പറഞ്ഞു.

ഈ രാഷ്ട്രീയ വേട്ടയാടലിന് പിന്നിൽ സി.ഐ വിപിൻ, എസ്.ഐ അഭിജിത്ത് എന്നിവരുടെ ക്രിമിനൽ ബുദ്ധിയാണെന്ന് മേയർ ആരോപിച്ചു. സി.ഐ വിപിൻ നിരവധി വിവാദങ്ങളിൽ പെട്ടയാളാണ്. മുൻപ് അവധിയിൽ പോയിരുന്ന ഇയാളെ വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നത് ഒരു മുൻ എൽ.ഡി.എഫ് എം.എൽ.എയുടെ ഇടപെടൽ മൂലമാണ്. തിരഞ്ഞെടുപ്പ് കാലത്താണ് ഈ ഉദ്യോഗസ്ഥൻ വട്ടിയൂർക്കാവിൽ എത്തിയത്. ​കോർപ്പറേഷൻ മേയർ എന്ന നിലയിൽ കൗൺസിലർമാരെ ഇത്തരത്തിൽ ദ്രോഹിക്കുന്ന പൊലീസിന്റെ നടപടിക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വി. വി. രാജേഷ് വ്യക്തമാക്കി.

Related Articles

Back to top button