സിനിമാറ്റിക്കൽ അറസ്റ്റ്! വൈദ്യുതി ബന്ധം വിച്ഛേദിച്ച് വീട് വളഞ്ഞു…. ഒടുവിൽ കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ സുഗതൻ പിടിയിലായ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ബിജെപി നേതാവ് സുഗതനെ പൊലീസ് അതിസാഹസികമായി പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. വീട് വളഞ്ഞ്, ഏറെ നാടകീയമായ രംഗങ്ങൾക്കൊടുവിലാണ് സുഗതനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീടിന്റെ പിൻഭാഗത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അറസ്റ്റ് സമയത്ത് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു.

പിടികൂടിയതിന് പിന്നാലെ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവരെ സുഗതൻ അസഭ്യം പറയുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. അറസ്റ്റ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഉദ്യോഗസ്ഥന് നേരെ സുഗതന്റെ ഭാര്യ അശ്വതി കയർക്കുന്നതും തങ്ങളുടെ സുരക്ഷയ്ക്കാണ് വീഡിയോ എടുക്കുന്നതെന്ന് പൊലീസ് മറുപടി നൽകുന്നതും ദൃശ്യങ്ങളിലുണ്ട്. സുഗതൻ ബിജെപി കൗൺസിലറാണെന്നും എന്തിനാണ് പിടികൂടുന്നതെന്നും ഭാര്യ ചോദിച്ചപ്പോൾ, ഹൈക്കോടതി ഉത്തരവുണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടി. നിലവിൽ സുഗതനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും മുഖത്തടിച്ചെന്നും കഴുത്തിൽ കിടന്ന മാല വലിച്ച് പൊട്ടിച്ചെന്നുമായിരുന്നു സുഗതന്റെ ഭാര്യ അശ്വതി നേരത്തെ ആരോപിച്ചിരുന്നത്. വനിതാ പൊലീസുകാർ ഇല്ലാതെയാണ് സംഘമെത്തിയതെന്നും കുട്ടികൾ ഭയക്കുന്ന രീതിയിൽ വെടിവെച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങളിൽ ഈ ഘട്ടങ്ങളിലൊന്നും തന്നെ പൊലീസ് മർദ്ദിച്ചതായി അശ്വതി പറയുന്നില്ല. ഇതോടെ, തങ്ങളെ പൊലീസ് ആക്രമിച്ചുവെന്ന് മനഃപൂർവ്വം വരുത്തിതീർക്കാൻ യുവതി ശ്രമിച്ചോ എന്ന സംശയമാണ് ഉയരുന്നത്. എന്നാൽ, പ്രദേശത്തുണ്ടായ ക്രമസമാധാന പ്രശ്നം നിയന്ത്രിക്കാനാണ് വെടിവെയ്ക്കേണ്ടി വന്നതെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് വ്യക്തമാക്കിയത്. ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കുടുംബത്തിന്റെ ആരോപണങ്ങൾ പരിശോധിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ സുഗതനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. സഹോദരൻ സന്ദീപാണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരും പ്രതിപ്പട്ടികയിലുണ്ട്. വട്ടിയൂർക്കാവ് എസ്എച്ച്ഒയെയും എസ്ഐയെയും സുഗതൻ കഴുത്തിന് പിടിച്ചുതള്ളിയെന്നും എസ്ഐയെ മതിലിനോട് ചേർത്തുനിർത്തി മർദ്ദിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ചൊവ്വാഴ്ച കളക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

അതിനിടെ സുഗതന്റെ അറസ്റ്റിൽ വൻ രാഷ്ട്രീയ ആരോപണവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് രംഗത്തെത്തി. വട്ടിയൂർക്കാവ് സിഐ വിപിൻ ക്രിമിനൽ മനസ്സുള്ള ഉദ്യോഗസ്ഥനാണെന്ന് മേയർ ആരോപിച്ചു. മുൻപ് വിപിനെതിരെ ഡിപ്പാർട്ട്മെന്റ് നടപടിയെടുത്തിട്ടുള്ളതാണെന്നും എൽഡിഎഫിന്റെ മുൻ എംഎൽഎ ഇടപെട്ടാണ് ഇയാളെ തിരികെ എത്തിച്ചതെന്നും മേയർ പറഞ്ഞു. സുഗതനെ കാപ്പ കേസിൽ പെടുത്താൻ മനഃപൂർവ്വം ശ്രമിക്കുകയാണെന്നും വെടിവെപ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ട കാര്യമെന്തായിരുന്നുവെന്നും മേയർ വി.വി. രാജേഷ് ചോദിച്ചു. കൗൺസിലറുടെ അറസ്റ്റോടെ തലസ്ഥാനത്ത് രാഷ്ട്രീയ തർക്കവും മുറുകുകയാണ്.

Related Articles

Back to top button