ടിനി ടോമിനെതിരായ പരാതി… മൊഴി നൽകാൻ അൻസിബ ഹസൻ നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാകും

കൊച്ചി: നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ മൊഴി നൽകാനായി നടി അൻസിബ ഹസൻ നാളെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ഇന്ന് ഹാജരാകാനായിരുന്നു പൊലീസ് ആദ്യം നിർദ്ദേശിച്ചിരുന്നതെങ്കിലും, അൻസിബ അസൗകര്യം അറിയിച്ചതിനെ തുടർന്ന് മൊഴിയെടുപ്പ് നാളത്തേക്ക് മാറ്റുകയായിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് ടിനി ടോമിനെതിരെ അൻസിബ ഔദ്യോഗികമായി പരാതി നൽകിയത്. മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണങ്ങൾ നടത്തുകയാണെന്ന് അൻസിബ ആരോപിക്കുന്നു. ടിനി ടോമിന്റെ ഡ്രൈവറെ ഉൾപ്പെടെ താൻ മതംമാറ്റാൻ ശ്രമിച്ചു എന്ന രീതിയിൽ വൻ വ്യാജപ്രചാരണങ്ങൾ നടത്തിയെന്നും, ഇത് തന്നെയും തന്റെ കുടുംബത്തെയും മാനസികമായി കടുത്ത പ്രതിസന്ധിയിലാക്കിയെന്നും പരാതിയിലുണ്ട്.
ടിനിയുടേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും നടി കുറ്റപ്പെടുത്തുന്നു. ഫെബ്രുവരി 14-ന് നടന്ന ‘അമ്മ’യുടെ കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ പ്രശ്നങ്ങളുടെ തുടക്കം. ദല്ലാൾ നന്ദകുമാർ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാർ പ്രസിഡന്റായ വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് പരിപാടിയുടെ സ്പോൺസറായി എത്തിയത്. ഒരു മതസ്ഥാപനം സംഘടനയുടെ പരിപാടി സ്പോൺസർ ചെയ്യുന്നതിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഹസൻ ഉൾപ്പെടെയുള്ളവർ ശക്തമായി എതിർത്തിരുന്നു. എന്നാൽ എക്സിക്യൂട്ടീവിലെ ഭൂരിപക്ഷ പിന്തുണയോടെ ഈ സ്പോൺസർഷിപ്പ് സ്വീകരിക്കാൻ സംഘടന തീരുമാനിക്കുകയായിരുന്നു.
വെണ്ണല മഹാദേവ ക്ഷേത്രം ‘അമ്മ’യുടെ പരിപാടിക്കായി 75 ലക്ഷം രൂപ നൽകുമെന്നായിരുന്നു കരാർ. കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറുമാണ് ഈ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതിൽ 30 ലക്ഷം രൂപ ക്ഷേത്രം മുൻകൂറായി നൽകുകയും ചെയ്തിരുന്നു. കുടുംബസംഗമത്തിന് പിന്നാലെ അൻസിബ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് അൻസിബ രാജിവെച്ചതെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയെങ്കിലും, തന്റെ രാജിക്ക് യഥാർത്ഥ കാരണം ടിനി ടോമിന്റെ ഭാഗത്തുനിന്നുണ്ടായ വേട്ടയാടലാണെന്ന് അൻസിബ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു. നാളെ താരം പൊലീസിന് നൽകുന്ന മൊഴി കേസിൽ അതീവ നിർണ്ണായകമാകും.



