ഫീസ് വാങ്ങി അച്ചടിച്ച ആർസി നൽകിയില്ല… മോട്ടോർ വാഹന വകുപ്പിന്….

മലപ്പുറം: ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച ആർസി (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) നൽകാതിരുന്ന മോട്ടോർ വാഹന വകുപ്പിന് ജില്ലാ ഉപഭോക്തൃ കോടതിയുടെ കനത്ത പ്രഹരം. പരാതിക്കാരന് 10,000 നഷ്ടപരിഹാരവും കോടതി ചെലവും ഉൾപ്പെടെ തുക തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. കൊണ്ടോട്ടി പള്ളിക്കൽ സ്വദേശിയും ആക്ഷൻ സംഘടനയുടെ പ്രസിഡന്റുമായ ആത്മേശൻ പച്ചാട്ടാണ് മോട്ടോർ വാഹന വകുപ്പിന്റെ സേവന വീഴ്ചയ്ക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
2025 ഫെബ്രുവരി 14-നാണ് കൊണ്ടോട്ടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും അച്ചടിച്ച ആർസി തപാലിൽ ലഭിക്കുന്നതിനുമായി 245 ഫീസടച്ച് അപേക്ഷ നൽകിയത്. എന്നാൽ ആർസി ലഭിക്കാത്തതിനെ തുടർന്ന് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ, മാർച്ച് 1 മുതൽ ഡിജിറ്റൽ ആർസി സംവിധാനം നിലവിൽ വന്നതായും പരിവാഹൻ പോർട്ടലിൽ നിന്ന് സ്വയം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്നുമായിരുന്നു അധികൃതരുടെ മറുപടി. അച്ചടിച്ച ആർസി നൽകുന്നില്ലെങ്കിൽ അതിനായി ഈടാക്കിയ 245 തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ അതിന് തയ്യാറായില്ല. തുടർന്ന് മോട്ടോർ വാഹന വകുപ്പ് കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. പരാതി പരിശോധിച്ച കോടതി, മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്ന് സേവനത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. അച്ചടിച്ച ആർസിക്കായി ഈടാക്കിയ 245യും അപേക്ഷകനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 10,000യും കോടതി ചെലവിനായി 3,000യും പരാതിക്കാരന് നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.



