കാലടി സർവകലാശാല സമരക്കേസ്… 17 എസ്എഫ്ഐ പ്രവർത്തകർക്ക്…

കൊച്ചി: കാലടി സർവകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻ വൈസ് ചാൻസലർ സിസാ തോമസിനെതിരായ സമരവുമായി ബന്ധപ്പെട്ടാണ് വിദ്യാർഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

സമരത്തിൽ പങ്കെടുത്ത 16 വിദ്യാർഥികളെ നേരത്തെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു. സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതുൾപ്പെടെ സർവകലാശാലയിലെ വിവിധ ഭരണപരമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാർഥികളുടെ സമരം. സർവകലാശാലയിലെ വിദ്യാർഥികൾ നേരിടുന്ന വിവിധ ഭരണപരമായ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത തങ്ങളെ വ്യാജമായി കേസിൽ പ്രതികളാക്കുകയായിരുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നതായിരുന്നു വിദ്യാർഥികൾക്കെതിരായ പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാൽ ഇത്തരമൊരു നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും മറ്റ് തെളിവുകളും വിദ്യാർഥികൾ കോടതിയിൽ ഹാജരാക്കി.

തിയേറ്റർ ഡിപ്പാർട്ട്മെന്റിലെ ലൈറ്റുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് തിയേറ്റർ വിദ്യാർഥികൾ ‘ലൈറ്റുകളുടെ പ്രതീകാത്മക സംസ്കാരം’ മാത്രമാണ് നടത്തിയതെന്നാണ് വിദ്യാർഥികളുടെ വിശദീകരണം. ഈ വാദവും ബന്ധപ്പെട്ട ദൃശ്യങ്ങളും തെളിവുകളും കോടതിയുടെ പരിഗണനയിൽ എത്തിയതോടെയാണ് 17 പേർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്.

Related Articles

Back to top button