ഗ്യാസ് കുറ്റിയുടെ സമീപത്ത് പാമ്പ്… പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി…

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കടയ്ക്കൽ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. വീടിനകത്ത് ഗ്യാസ് കുറ്റിയുടെ സമീപത്തുവച്ചാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് വീട്ടിലെത്തിയ ശാലിനി വിശ്രമത്തിലായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ അഞ്ചലിലെ ആശുപത്രിയിലെത്തി മരുന്ന് വാങ്ങി. പിന്നീട് അസ്വസ്ഥതകൾ രൂക്ഷമായതിനെ തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ശാലിനി മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



