മകൾക്കും ജീവിതം നഷ്ടമായ എല്ലാവർക്കും നീതി വേണം…. ഐജയുടെ അമ്മ

തിരുവനന്തപുരം: നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ ഐജ ആർ മഹേഷിന്റെ അമ്മ രാധിക, മകൾക്കും ജീവിതം നഷ്ടമായ എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കി. ഇനി ഒരു കുട്ടിക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകില്ലെന്ന പ്രതീക്ഷയാണ് എന്ന് അവര്‍ പറഞ്ഞു. സിജെപിയുടെ സമരവിജയം വലിയ ആശ്വാസമാണെന്നും, കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ സമൂഹം ഒന്നിച്ച് നിന്നത് വലിയ കാര്യമായിട്ടാണ് കാണുന്നതെന്നും രാധിക കൂട്ടിച്ചേർത്തു.
“വർഷത്തിൽ ഒരിക്കൽ മാത്രമാണ് നീറ്റ് പരീക്ഷ നടത്തുന്നത്. അതിന് അർഹിക്കുന്ന പ്രാധാന്യം നൽകി സർക്കാർ പരീക്ഷ നടത്തേണ്ടതായിരുന്നു. കുട്ടികൾ ഊണും ഉറക്കവും നഷ്ടപ്പെടുത്തി കഷ്ടപ്പെടുകയാണ്. ഒരേ പരീക്ഷ പല തവണ എഴുതുന്ന കുട്ടികളുടെ മാനസികാവസ്ഥയും കൂടി പരിഗണിക്കേണ്ടതുണ്ട്,” രാധിക പറഞ്ഞു. ഐജ പഠനത്തിൽ മിടുക്കിയായിരുന്നു. നവോദയ വിദ്യാലയത്തിൽ പഠിച്ച അവൾ പ്ലസ് ടു പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടിയിരുന്നു. ആദ്യമായി നീറ്റ് പരീക്ഷ എഴുതിയതിന് ശേഷം റദ്ദാക്കിയെന്ന വിവരം അറിഞ്ഞതോടെ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടു. മറ്റ് കോഴ്‌സുകളിൽ ചേരാൻ നിർദേശിച്ചപ്പോൾ താത്പര്യമില്ലെന്നായിരുന്നു അവളുടെ മറുപടി.
ജൂൺ 21ന് വീണ്ടും പരീക്ഷ നടത്തുമെന്ന അറിയിപ്പിനെ തുടർന്ന്, മേയ് 27ന് അമ്മയോടൊപ്പം വീണ്ടും പഠനം ആരംഭിച്ചെങ്കിലും, ജൂൺ 2ന് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേ ദിവസം ഐജ മരണമടഞ്ഞു.



