നെഹ്രു ട്രോഫി വള്ളംകളി നടത്തിപ്പിൽ നിർണായക തീരുമാനം….

ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയുടെ വേദിയും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടെയുള്ള നടത്തിപ്പിൽ നിന്ന് വിവാദ കമ്പനിയായ ഓസ്‌കാർ ഇവന്റ്‌സിനെ ഒഴിവാക്കി. എൻടിബിആർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉയർന്ന എതിർപ്പിനെ തുടർന്ന് ടെൻഡർ നടപടികൾ റദ്ദാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ഇറിഗേഷൻ വകുപ്പ് പുറത്തിറക്കി. കൊച്ചിയിൽ ഉമാ തോമസിന് പരിക്കേറ്റ പരിപാടിയുടെ സംഘാടക കമ്പനിയായ ഓസ്‌കാർ ഇവന്റ്‌സിന് കരാർ നൽകാനുള്ള നീക്കത്തിൽ നേരത്തെ തന്നെ ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു.

ടെൻഡർ സമർപ്പിച്ച മൂന്ന് കമ്പനികളിൽ നിന്ന് യോഗ്യതയുടെ അടിസ്ഥാനത്തിൽ ഓസ്‌കാർ ഇവന്റ്‌സിനെ തിരഞ്ഞെടുത്തതായാണ് ഇൻഫ്രാസ്ട്രക്ചർ സബ് കമ്മിറ്റി നെഹ്രു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ അറിയിച്ചത്. ജനപ്രതിനിധികളെ അറിയിക്കാതെയായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നടപടിയെന്ന വിമർശനവും ഉയർന്നു. ഓസ്‌കാർ ഇവന്റ്‌സിന് ടെൻഡർ നൽകാനുള്ള തീരുമാനത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണവും ശക്തമായിരുന്നു. വിവാദത്തിൽപ്പെട്ട കമ്പനിയെ നെഹ്രു ട്രോഫി പോലെ വലിയ ജനപങ്കാളിത്തമുള്ള പരിപാടിയുടെ നടത്തിപ്പ് ഏൽപ്പിക്കുന്നതിനെതിരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അഭിപ്രായവ്യത്യാസമുണ്ടായി. ടെൻഡർ ഓസ്‌കാർ ഇവന്റ്‌സിന് നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികൾ റദ്ദാക്കിയത്.

തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഓസ്‌കാർ ഉൾപ്പെട്ട ടെൻഡർ നടപടികൾ റദ്ദാക്കുകയായിരുന്നു. ഈ മാസം 31 വരെ പുതിയ ടെൻഡറുകൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാന പവിലിയനുകൾക്ക് പുറമെ പന്തൽ, വിവിഐപികൾക്കുള്ള ഭക്ഷണ സംവിധാനം, ഇലക്ട്രിക്കൽ ജോലികൾ, എൽഇഡി വാൾ, സിസിടിവി, അതിവേഗ ഇന്റർനെറ്റ് സൗകര്യം എന്നിവ ഉൾപ്പെടെ 50 പ്രവർത്തികളാണ് സ്വകാര്യ കമ്പനിക്ക് നൽകുന്നത്.

Related Articles

Back to top button