പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന് മാസ്റ്റർപ്ലാൻ… അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കി ആരോഗ്യവകുപ്പ്. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സ്റ്റാഫ് ക്ഷാമം, ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ പരിഹരിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചത്. ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യാഴാഴ്ച പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കും.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സ്ഥിതി പരിതാപകരമാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തലിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അടിയന്തര നടപടികളിലേക്ക് കടക്കുന്നത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ കേന്ദ്രത്തിൽ നേരിട്ട് പരിശോധന നടത്തിയ ശേഷമാണ് ഈ ഇടപെടൽ. രോഗികളെ ജയിലിന് സമാനമായ സാഹചര്യത്തിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും മതിയായ ജീവനക്കാരെ നിയമിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്. നിലവിൽ ഉപയോഗിക്കാൻ കഴിയാത്ത നിലയിലുള്ള രണ്ട് കെട്ടിടങ്ങൾ പുതുക്കിപ്പണിയും. കാലപ്പഴക്കം ചെന്ന മറ്റ് കെട്ടിടങ്ങൾ ബലപ്പെടുത്തുകയും മാനസികാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്യും.
ചികിത്സയിലുള്ള തടവുകാരെ സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ച് ജയിലിലേക്ക് തിരിച്ചയക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാത്രമായി ജീവനക്കാരെ നിയമിക്കാനാണ് തീരുമാനം. ഇവർക്ക് ആവശ്യമായ പരിശീലനവും നൽകും. സെക്യൂരിറ്റി വിഭാഗത്തിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി കൂടുതൽ ശമ്പളം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക അഡീഷണൽ ഡി.എച്ച്.എസ് നിയമിക്കുമെന്നും സർക്കാർ അറിയിച്ചു.
പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിലവിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി മാസ്റ്റർപ്ലാൻ നടപ്പാക്കും. 22 വർഷമായി പണി പൂർത്തിയാകാതെ കിടക്കുന്ന രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കി തുറന്നുകൊടുക്കും. നിലവിലുള്ള കെട്ടിടങ്ങളുടെ ജീർണാവസ്ഥ പരിഹരിക്കുകയും 2017-ലെ മെന്റൽ ഹെൽത്ത് ആക്ട് ശക്തമായി നടപ്പാക്കി രോഗീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ കൃത്യമായി ലഭ്യമാക്കും. രോഗം ഭേദമായവരുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതികളും ആവിഷ്‌കരിക്കും. അറ്റൻഡർ, കുക്ക്, സെക്യൂരിറ്റി, അലക്ക് തുടങ്ങിയ വിഭാഗങ്ങളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കും. ജീവനക്കാരുമായി സഹകരിക്കുന്ന രോഗികൾക്ക് സെല്ലുകൾക്ക് പുറത്തേക്ക് എത്തി പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനുള്ള അവസരവും ഒരുക്കും. ഇതിനായി പൊളിഞ്ഞുകിടക്കുന്ന ചുറ്റുമതിൽ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പുനഃസ്ഥാപിച്ച് സുരക്ഷ ശക്തമാക്കും. കൈയേറ്റങ്ങൾ പൂർണമായും ഒഴിപ്പിക്കുകയും മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിലെ പൊളിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.



