സി.എം.ആർ.എൽ കേസ്; യഥാർത്ഥ പ്രതി പിണറായി വിജയൻ, വീണ വെറും ഇടനിലക്കാരി മാത്രം

സി.എം.ആർ.എൽ – എക്‌സാലോജിക് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി. നേതാവ് ഷോൺ ജോർജ്. കേസിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും മകൾ വീണ വിജയൻ വെറുമൊരു ഇടനിലക്കാരി മാത്രമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്വാധീനമുപയോഗിച്ച് നിയമനടപടികൾ വൈകിപ്പിക്കാൻ കഴിഞ്ഞേക്കുമെങ്കിലും, നിയമവ്യവസ്ഥയെ വിലയ്‌ക്കെടുക്കാൻ കഴിയില്ലെന്ന് കോടതി നടപടികൾ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.എം.ആർ.എലിൽനിന്ന് വീണയുടെ കമ്പനി 2.78 കോടി രൂപ കൈപ്പറ്റിയത് ഒരു സേവനവും നൽകാതെയാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. പിണറായി വിജയന്റെ മകൾ എന്ന നിലയിലല്ലാതെ മറ്റാരായും ഈ പണം വീണയ്ക്ക് നൽകേണ്ട സാഹചര്യം കമ്പനിക്കില്ല. അതിനാൽ ഈ പണം യഥാർഥത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ളതാണെന്നും, അഴിമതിക്കും വഴിവിട്ട സഹായങ്ങൾക്കും വേണ്ടിയുള്ള പ്രതിഫലമാണിതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാരിന് ജി.എസ്.ടി. തട്ടിപ്പിന് വീണയ്ക്കെതിരേ കേസെടുക്കാമെങ്കിലും അവർ അതിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ബന്ധുക്കൾ സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളുമായി ബിസിനസ് ഇടപാടുകൾ നടത്താൻ പാടില്ലെന്ന സർക്കാർ ഉത്തരവും കമ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ ആഭ്യന്തര ചട്ടങ്ങളും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഷോൺ ജോർജ് പറഞ്ഞു.



