വിദ്യാർത്ഥികൾക്ക് ആശ്വാസമായി സർക്കാർ പ്രഖ്യാപനം… ഹയർസെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ..

സംസ്ഥാനത്തെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം പകർന്നു കൊണ്ട് ഈ അധ്യയന വർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഒക്ടോബറിൽ നടത്തുമെന്ന് ഹയർസെക്കൻഡറി വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അറിയിച്ചു. പ്ലസ് ടു വിദ്യാർഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
മുൻവർഷങ്ങളിൽ പ്ലസ് ടു പൊതുപരീക്ഷയോടൊപ്പം തന്നെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയും എഴുതേണ്ടി വന്നത് വിദ്യാർഥികളിൽ കടുത്ത മാനസിക സംഘർഷത്തിന് കാരണമായിരുന്നു. ഇത് ഹയർസെക്കൻഡറി വിജയശതമാനത്തെപ്പോലും പ്രതികൂലമായി ബാധിച്ചിരുന്നു. ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയ വലിയൊരു വിഭാഗം കുട്ടികളുടെ പരാജയത്തിന് പരീക്ഷകളുടെ ഈ സമയക്രമം ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ട് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തിയത്.



