മന്ത്രവാദം നടത്തുന്നുണ്ടെന്ന് സംശയം; മരുമകളെ കോടാലികൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി അമ്മായിയച്ഛൻ

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ, മന്ത്രവാദം നടത്തുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് 70-കാരനായ അമ്മായിയച്ഛൻ മരുമകളെ കോടാലികൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. വിധവയായ മരുമകൾ ലക്ഷ്‌മി രവിശങ്കർ പാലിയാണ് മരിച്ചത്. കോടാലി കൊണ്ട് വയോധികൻ ഇവരുടെ തലക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പ്രതിയായ നത്തുമാൽ ഭഗവാൻ പാലി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി. ഭർതൃപിതാവായ നാഥുലാൽ പാലി (72)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാഗ്പൂരിൽ ഇന്നലെയാണ് കൊലപാതകം നടന്നത്. വസ്‌ത്രം അലക്കിക്കൊണ്ടിരുന്ന ലക്ഷ്‌മിയും നാഥുലാലും തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ നാഥുലാൽ കോടാലികൊണ്ട് ലക്ഷ്‌മിയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ യുവതിയുടെ മരണം സംഭവിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടത്തിയശേഷം ഇയാൾ വീടിന് പിൻവശത്തുള്ള കിണറ്റിലേക്ക് ചാടി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഫയർഫോഴ്‌സിന്റെ സഹായത്തോടെ കരയ്‌ക്കെത്തിച്ച ഇയാളെ നിലവിൽ ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.നാഥുലാലിന് ഇടയ്‌ക്കിടെ രോഗം വരാറുണ്ടായിരുന്നെന്നും മരുമകൾ തനിക്കുനേരെ മന്ത്രവാദം നടത്തുന്നതാണ് അതിന് കാരണമെന്ന് ഇയാൾ സംശയിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇടയ്‌ക്കിടെയുണ്ടാകുന്നെ അസുഖത്തിനും മൂന്ന് വർഷം മുൻപ് തന്റെ മകൻ മരിക്കാനും കാരണം മന്ത്രവാദമാണെന്നാണ് നാഥുലാൽ വിശ്വസിച്ചിരുന്നത്.
ഇക്കാര്യം പറഞ്ഞ് ഇരുവരും നിരന്തരം വഴക്കിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.ലക്ഷ്‌മി തന്റെ രണ്ട് മക്കളോടൊപ്പം വീട്ടിലെ പ്രത്യേകം മുറികളിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യശോധര നഗർ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
അവൾക്കെതിരായ മന്ത്രവാദ ആരോപണമാണോ കൊലപാതകത്തിന് പ്രധാന കാരണമായത്, അതോ മറ്റേതെങ്കിലും കുടുംബതർക്കമാണോ സംഭവത്തിന് വഴിവെച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.



