‘ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്’… പാൽ വില വർദ്ധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാനത്തെ പാൽ വില വർദ്ധനവിനെ താൻ ഒരു കാരണവശാലും എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക ക്ഷീര ദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് ക്ഷീര കർഷകരുമായുള്ള തന്റെ വ്യക്തിപരമായ ആത്മബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി മനസ്സ് തുറന്നത്. തന്റെ അമ്മ ഒരു ക്ഷീര കർഷകയായിരുന്നുവെന്നും പശുവിനെ കുളിപ്പിച്ചും പുല്ലുവെട്ടിയും തന്നെയാണ് താൻ വളർന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിയമസഭയിൽ എത്തിയ കാലം മുതൽ ക്ഷീര കർഷകരുടെ വക്താവായാണ് താൻ അറിയപ്പെട്ടിരുന്നതെന്നും പാലിന്റെ വില കൂട്ടുമ്പോൾ പ്രതിപക്ഷത്തിരുന്നപ്പോഴും തങ്ങൾ പ്രതിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷീരവികസന വകുപ്പിനോടുള്ള തന്റെ താല്പര്യം പങ്കുവെക്കുന്നതിനിടയിൽ മന്ത്രി ബിന്ദു കൃഷ്ണയെ വേദിയിലിരുത്തി മുഖ്യമന്ത്രി സരസമായി ഒരു വെളിപ്പെടുത്തലും നടത്തി. സംസ്ഥാനത്ത് ഒരു കോടി ലീറ്റർ പാൽ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇതിന്റെ പുരോഗതി എല്ലാ മാസവും താൻ നേരിട്ട് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പാൽ ഉൽപ്പാദനത്തിൽ ഗുണനിലവാര കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും അരുതെന്നും ക്ഷീരവകുപ്പിന് സർക്കാരിന്റെ പ്രത്യേക പരിഗണന ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പാലിന്റെ വില കൂട്ടുമ്പോൾ അതോടൊപ്പം തന്നെ കാലിത്തീറ്റയുടെ വിലയും വർദ്ധിക്കുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പാലിനൊപ്പം കാലിത്തീറ്റ വിലയും കൂടിയാൽ കർഷകർക്ക് വിലവർദ്ധനവിന്റെ യഥാർത്ഥ പ്രയോജനം ലഭിക്കില്ല. കാലിത്തീറ്റ വില നിയന്ത്രിക്കുന്ന കാര്യത്തിൽ സർക്കാർ കർശനമായി ഇടപെടും. കർഷകരുടെ ചിലവ് കുറയ്ക്കാൻ സംസ്ഥാനത്ത് തീറ്റപ്പുല്ല് കൃഷി വ്യാപകമായി വർദ്ധിപ്പിക്കണം. ഇപ്പോൾ പാൽ വില കൂട്ടിയതിന്റെ പഴി മുഴുവൻ തന്റെ തലയിലാണ് വന്നിരിക്കുന്നത്. എന്നാൽ ക്ഷീര കർഷകരുടെ കഠിനാധ്വാനം അറിയാവുന്നതുകൊണ്ട് താൻ അതിനെ എതിർത്തിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിചേർത്തു. അതേസമയം, അടുത്തിടെ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രി ബിന്ദു കൃഷ്ണ തയ്യാറായില്ല. രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കാതെ, “എല്ലാവർക്കും ലോക ക്ഷീര ദിനാശംസകൾ” എന്ന് മാത്രം പറഞ്ഞ് മന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.

Related Articles

Back to top button