വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി…. പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ-കോളേജ് വിദ്യാർത്ഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവ അവധി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമാകുന്നു. ആർത്തവ അവധി നൽകുന്നതിൽ സ്ത്രീ സമൂഹത്തിൽ നിന്ന് പരാതിയുണ്ടെങ്കിൽ തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൽ. ഷംസുദ്ദീൻ വ്യക്തമാക്കി. പൊതുവായി ഉയർന്നുവന്ന ഒരു നിർദ്ദേശം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുള്ളൂവെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ആർത്തവ സമയത്ത് കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥിനികളും സ്ത്രീകളുമുണ്ടെന്നും, അവരെ നിർബന്ധിച്ച് ക്ലാസുകളിൽ ഇരുത്തരുതെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. ഈ വിഷയത്തിൽ യുഡിഎഫിനകത്ത് യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാരിന്റെ ആർത്തവ അവധി പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ്, ലീഗ്, ബിജെപി പ്രതിനിധികളായ വനിതാ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആർത്തവം സ്ത്രീകൾക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിർത്തേണ്ട ഒന്നല്ലെന്നുമാണ് തൃക്കാക്കര എംഎൽഎ ഉമാ തോമസ് പ്രതികരിച്ചത്. ആർത്തവ അവധി നൽകുമ്പോൾ സ്കൂളുകളിൽ കൗമാരക്കാരായ കുട്ടികൾക്കിടയിൽ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും, കുട്ടികളെ മാറ്റിനിർത്തുന്നതിന് പകരം വിദ്യാലയങ്ങളിൽ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് അഡ്വ. നൂർബിന റഷീദും തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി. അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് നൂർബിന വ്യക്തമാക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുമ്പോൾ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ട്. അതിനാൽ കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുന്ന സംവിധാനം കൊണ്ടുവന്ന ശേഷമേ ഇത്തരം നയങ്ങൾ നടപ്പാക്കാവൂ എന്ന് അവർ ആവശ്യപ്പെട്ടു. ആർത്തവ അവധി വിവാദങ്ങൾക്കിടയിലും സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. 100 ശതമാനം സ്കൂളുകളിലും പാഠപുസ്തകങ്ങൾ എത്തിച്ചുകഴിഞ്ഞു. വർക്ക് നോട്ടുകൾ ജൂൺ പത്തോടെ വിതരണം ചെയ്യും. ചില സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിലുള്ള സാങ്കേതിക പ്രശ്നങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരിഹരിച്ചുവരികയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.



