മണ്ണിടിച്ചിലിന് പിന്നാലെ കള്ളാടിയിൽ വിദഗ്ധ സമിതിയുടെ പരിശോധന…. കള്ളാടിയിൽ….

വയനാട്: കള്ളാടിയിൽ നിലവിൽ പ്രത്യക്ഷത്തിൽ മറ്റ് അപകടാവസ്ഥകളൊന്നുമില്ലെന്ന് വിലയിരുത്തി വിദഗ്ധ സംഘം. കള്ളാടിയിലെ ദുരന്ത സ്ഥലം നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സമിതിയുടെ പ്രതികരണം. സന്ദർശനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശദമായ പഠന റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സംഘം സർക്കാരിന് സമർപ്പിക്കും. പ്രദേശത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ ഇവിടെ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എങ്ങനെ സുരക്ഷിതമായി മാറ്റാം എന്ന് പഠിക്കാനാണ് വിദഗ്ധ സംഘം കള്ളാടിയിലെത്തിയത്.
മൂന്നംഗ വിദഗ്ധ സമിതിയിലുള്ള കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, സിഇഎസ്എസ് പ്രതിനിധി എന്നിവരാണ് ദുരന്ത സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയത്. ഡോ. സന്തോഷ് ജി തമ്പി നേതൃത്വം നൽകുന്ന ഈ സമിതിയിൽ ഡോ. ജൂഡ് ഇമ്മാനുവലും അംഗമാണ്. നിലവിൽ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എങ്കിലും, വരും നാളുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബാക്കിവരുന്ന മണ്ണ് ഉൾപ്പെടെ ശാസ്ത്രീയമായി എങ്ങനെ നീക്കം ചെയ്യാം എന്ന കാര്യങ്ങളും സമിതി വിശദമായി പരിശോധിച്ചു.
നീക്കം ചെയ്യുന്ന മണ്ണ് എങ്ങോട്ട് മാറ്റണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് വിവിധ വകുപ്പുകളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സംഘം അറിയിച്ചു. കള്ളാടിയിൽ ഇതിനോടകം നടത്തിയ ഡ്രോൺ സർവേയിൽ നിന്നുള്ള വിവരങ്ങളും വിദഗ്ധ സമിതി വിശദമായി പരിശോധിച്ച് വരികയാണ്. ഈ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തിയാകും സമിതി അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.



