ആലപ്പുഴ ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് സ്പാ ജീവനക്കാരി….

ആലപ്പുഴ: പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് സ്പായിലെ ജീവനക്കാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി ശരണ്യ (34) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പുന്നമടയിലെ ബട്ടർഫ്ലൈ സ്പായിലെ ജീവനക്കാരിയായിരുന്നു ശരണ്യ. സംഭവത്തിൽ തൽക്കാലം അസ്വാഭാവിക മരണത്തിന് ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
ശരണ്യ എങ്ങനെയാണ് കായലിൽ വീണത് എന്നതിൽ വ്യക്തത വരുത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അപകട സമയത്ത് ഹൗസ്ബോട്ടിനുള്ളിൽ ശരണ്യയോടൊപ്പം ഉണ്ടായിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കായലിൽ വീണ ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശരണ്യയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷവും ഒപ്പമുണ്ടായിരുന്നവരുടെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷവും മാത്രമേ മരണത്തിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.



