സ്കൂളിലേക്ക് ഇറങ്ങിയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം… കാണാതായ അധ്യാപികയെ കണ്ടെത്താൻ…

കോഴിക്കോട്: കാണാതായ എൽപി സ്കൂൾ അധ്യാപിക അനുമോളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി കോഴിക്കോട് റൂറൽ പൊലീസ്. തൊട്ടിൽപ്പാലം മൊയിലോത്തറ എൽപി സ്കൂളിലെ അധ്യാപികയും തൊട്ടിൽപ്പാലം സ്വദേശിനിയുമായ അനുമോളെയാണ് ഈ മാസം അഞ്ചിന് കാണാതായത്. പത്ത് ദിവസം പിന്നിട്ടിട്ടും അധ്യാപികയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അനുമോളെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി നാദാപുരം ഡിവൈഎസ്പി അറിയിച്ചു.

ഈ മാസം അഞ്ചിന് രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനുമോൾ വീട്ടിൽനിന്ന് ഇറങ്ങിയത്. ജോലി കഴിഞ്ഞ് സ്കൂളിൽനിന്ന് ഇറങ്ങിയ അനുമോളെ പിന്നീട് കാണാതാവുകയായിരുന്നു. അന്നുതന്നെ വൈകുന്നേരം കുടുംബം തൊട്ടിൽപ്പാലം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ അനുമോളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. അനുമോളുടെ ആരോഗ്യസ്ഥിതിയും കുടുംബത്തെ ആശങ്കയിലാക്കുന്നുണ്ട്. പത്തുവർഷം മുമ്പ് ഗർഭിണിയായിരിക്കെ കരൾരോഗം ബാധിച്ച അനുമോൾക്ക് ഭർത്താവ് സുഭാഷാണ് കരൾ പകുത്തുനൽകിയത്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ദിവസവും വിവിധ മരുന്നുകൾ കഴിക്കേണ്ടതുണ്ട്. അതിനാൽ എത്രയും വേഗം അനുമോളെ കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അനുമോളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹേബിയസ് കോർപസ് ഹർജി ഈ മാസം 22ന് കോടതി പരിഗണിക്കും.

Related Articles

Back to top button