‘ഉളുപ്പുണ്ടെങ്കിൽ പിണറായി രാജിവെക്കണം’… ഷോൺ ജോർജ്

കോട്ടയം: ഉളുപ്പ് എന്ന വാക്കിന്റെ അർഥം അറിയാമെങ്കിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പിണറായി വിജയൻ മുൻപ് പ്രയോഗിച്ച വാക്കാണ് ഉളുപ്പെന്നും ഷോൺ ജോർജ് പറഞ്ഞു. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷവിമർശനവും അദ്ദേഹം ഉന്നയിച്ചു.
പിണറായിക്കെതിരെ നടപടി സ്വീകരിക്കാൻ കോൺഗ്രസിന് കഴിയാത്ത അവസ്ഥയാണെന്നും കഴിഞ്ഞ 35 ദിവസത്തെ സംഭവങ്ങൾ ഇതാണ് വ്യക്തമാക്കുന്നതെന്നും ഷോൺ ജോർജ് ആരോപിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷവും പിണറായി വിജയനെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയൻ അല്ലാതെ കഴിവുള്ള മറ്റാരും സിപിഎമ്മിലില്ലേയെന്ന് ഷോൺ ജോർജ് ചോദിച്ചു. സിപിഎം ഇപ്പോൾ ‘പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി’യായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎം ഇടപെട്ടില്ലെങ്കിൽ എൽഡിഎഫ് വിഷയത്തിൽ ഇടപെടണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഡമ്മി പ്രതിപക്ഷ നേതാവിനെയാണ് മുഖ്യമന്ത്രിക്ക് ആവശ്യമെന്നും അതുകൊണ്ടാണ് പിണറായി വിജയനെ സഹായിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോടതി എല്ലാവരുടെയും വാദങ്ങൾ കേട്ട ശേഷമാണ് വിധി പറഞ്ഞതെന്നും പിണറായിയും സതീശനും ഒരുമിച്ചാണെന്ന ബോധ്യം ജനങ്ങളിലുണ്ടാക്കുന്നതാണ് നടപടികളെന്നും ഷോൺ ജോർജ് പറഞ്ഞു.
പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരാളുടെ മൊഴിയെടുക്കാൻ പോലും പ്രത്യേക അന്വേഷണസംഘം തയ്യാറായിട്ടില്ലെന്ന് ഷോൺ ജോർജ് ആരോപിച്ചു. കേസിൽ ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹവാല എന്ന വാക്ക് കേൾക്കുമ്പോൾ മുസ്ലിം ലീഗിന് വലിയ ഭയമാണെന്നും അതും പിണറായി വിജയനെ രക്ഷിക്കാനുള്ള ശ്രമത്തിന് കാരണമായെന്നും ഷോൺ ജോർജ് ആരോപിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസപ്പടി കേസിൽ തുടർനടപടികൾ നീണ്ടുപോകാൻ അനുവദിക്കില്ലെന്നും പിണറായി വിജയനെ ജയിലിലടയ്ക്കുമെന്ന വാക്ക് ബിജെപി പാലിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.



