പിണറായിയുടെ വീടിന് മുന്നിലെ 24 മണിക്കൂർ പൊലീസ് കാവൽ…

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പാണ്ഡ്യാമുക്കിലെ വീടിന് മുന്നിൽ ഏർപ്പെടുത്തിയിരുന്ന 24 മണിക്കൂർ പൊലീസ് കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനം. ഇനി മുതൽ പിണറായി വിജയൻ വീട്ടിലുണ്ടെങ്കിൽ മാത്രം പൊലീസ് കാവൽ ഏർപ്പെടുത്താനാണ് തീരുമാനം.
ഒരു എസ്‌ഐയും രണ്ട് പൊലീസുകാരുമാകും സുരക്ഷാ ഡ്യൂട്ടിയിലുണ്ടാകുക. നേരത്തെ വീടിന് മുന്നിൽ പൊലീസ് ജീപ്പ് ഉണ്ടായിരുന്നെങ്കിലും ഈ മാസം ഒന്നിന് ജീപ്പ് അവിടെ നിന്ന് മാറ്റിയിരുന്നു. ജീപ്പ് മാറ്റിയതിന് ശേഷവും പൊലീസ് കാവൽ തുടരുകയായിരുന്നു.കണ്ണൂർ എആർ ക്യാമ്പിലെ രണ്ട് എസ്‌ഐമാരും ആറ് സിവിൽ പൊലീസ് ഓഫീസർമാരുമാണ് വിവിധ ഷിഫ്റ്റുകളിലായി വീടിന് മുന്നിൽ സുരക്ഷാ ചുമതല നിർവഹിച്ചിരുന്നത്. പുതിയ ക്രമീകരണം നിലവിൽ വരുന്നതോടെ 24 മണിക്കൂർ കാവൽ ഒഴിവാക്കും. പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായിരുന്ന പൊലീസ് ജീപ്പ് മാറ്റിയത് നേരത്തെ വാർത്തയായിരുന്നു. വീടിന് മുന്നിൽ മിനി പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നുവെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ.
ഇതിനെതിരെ പിണറായി വിജയൻ തന്നെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തന്റെ വീടിന് മുന്നിൽ പൊലീസ് സ്റ്റേഷൻ ഒരു കാലത്തും പ്രവർത്തിച്ചിട്ടില്ലെന്നും സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി ഒരു പൊലീസ് വാഹനത്തിൽ പൊലീസുകാർ വന്നുപോയിരുന്നുവെന്നുമായിരുന്നു പിണറായി വിജയന്റെ വിശദീകരണം. പിന്നീട് വാഹനം ഗതാഗതയോഗ്യമല്ലാതെ അവിടെ കിടന്നതായാണ് മനസിലാക്കിയതെന്നും അത് മാറ്റി അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുമെന്നാണ് പൊലീസ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അധികാരമൊഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം മാറ്റിയിട്ടില്ലെന്നും അതിന് കാരണം പൊലീസ് തന്നെ വിശദീകരിക്കണമെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തന്റെ വീടിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വീടിന് മുന്നിലെ പൊലീസ് സുരക്ഷയിലും ഇപ്പോൾ മാറ്റം വരുത്താനുള്ള തീരുമാനം.




