മരിച്ചു പോയവരുടെ അക്കൗണ്ടുകൾ വരെ ഉപയോഗിച്ചു… ലഹരിക്കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

കോഴിക്കോട്: പന്തീരാങ്കാവിൽ 10 കോടിയിലധികം രൂപ വിലവരുന്ന 1.013 കിലോഗ്രാം എംഡിഎംഎയുമായി പിടിയിലായ ലഹരിസംഘം പണമിടപാടുകൾക്ക് മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ചതായി പൊലീസ്. ആറ് മാസത്തിനിടെ ഇത്തരം അക്കൗണ്ടുകൾ വഴി ഏകദേശം 10 കോടിയോളം രൂപയുടെ ഇടപാടുകൾ നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. മരിച്ചുപോയവരുടെയോ ഉപയോഗിക്കാതെ കിടക്കുന്നവരുടെയോ ബാങ്ക് അക്കൗണ്ടുകൾ പ്രതിഫലം നൽകി മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകുന്നതാണ് മ്യൂൾ അക്കൗണ്ടുകൾ. ലഹരിക്കച്ചവടത്തിന്റെ പണമിടപാടുകൾക്കായി ഇത്തരം അക്കൗണ്ടുകൾ വ്യാപകമായി ഉപയോഗിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്ന് ഒരു വനിതയടക്കം രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശി സി. അജ്മൽ, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി പി. സൂര്യ എന്നിവരെയാണ് നോയിഡയിലെ ഫ്ലാറ്റിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇരുവരെയും വടകര പ്രത്യേക കോടതി റിമാൻഡ് ചെയ്തു.
മലപ്പുറം പൊലീസ് പിടികൂടിയ 13 കിലോഗ്രാം ലഹരിമരുന്ന് കടത്തിയതും ഇതേ സംഘമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നൈജീരിയൻ സ്വദേശികളായ ചിലരിൽ നിന്നാണ് തങ്ങൾക്ക് ലഹരിമരുന്ന് ലഭിച്ചതെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. എന്നാൽ ഇവർക്ക് ലഹരിമരുന്ന് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. പന്തീരാങ്കാവ് ബൈപാസിൽ എക്സൈസ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് 3.200 കിലോഗ്രാം മെത്താംഫിറ്റമിനും 56 ഗ്രാം എംഡിഎംഎയും പിടികൂടിയ കേസിലും പ്രതികൾ മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച കോടികളുടെ പണമൊഴുക്ക് കണ്ടെത്തുന്നതിനും ഇടപാടുകൾക്ക് പിന്നിലുള്ളവരെ തിരിച്ചറിയുന്നതിനുമാണ് പൊലീസ് അന്വേഷണം ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്.




