വീണയ്ക്കെതിരായ ഇഡി നടപടി സാങ്കേതികമായി 100% തെളിയിക്കപ്പെട്ട കേസ്…

ഡൽഹി: ടി. വീണയ്ക്കെതിരായ ഇഡി നടപടിയുമായി ബന്ധപ്പെട്ട കേസ് സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസാണെന്ന് സന്ദീപ് വാര്യർ എംഎൽഎ. ഇഡിയുടെ അന്വേഷണ ചരിത്രത്തിൽ ഇത്രയധികം സാഹചര്യത്തെളിവുകൾ ലഭിച്ച ആദ്യ കേസാകാം ഇതെന്നും അദ്ദേഹം പറഞ്ഞു. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസാണിത്. കൈക്കൂലി നൽകിയവരും വാങ്ങിയവരും ഇക്കാര്യം സമ്മതിച്ചതായും സന്ദീപ് വാര്യർ അവകാശപ്പെട്ടു.

രേഖകൾ മാത്രമായിരുന്നെങ്കിൽ വാദത്തിലൂടെ പിടിച്ചുനിൽക്കാമായിരുന്നു. എന്നാൽ രേഖകളിൽ പറയുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും മറ്റ് തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കാരെ കബളിപ്പിക്കുന്നതിനാണ് ഇപ്പോൾ വിവിധ ന്യായങ്ങൾ നിരത്തുന്നതെന്നും രാഷ്ട്രീയ വേട്ടയാടലെന്ന ആരോപണം ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സന്ദീപ് വാര്യർ ആരോപിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് നേരിട്ട് ഇഡി ആരംഭിച്ച കേസല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ഇൻകം ടാക്സ് വിഭാഗമാണ് ആദ്യം പരിശോധന നടത്തിയത്. അന്വേഷണം നടത്തുന്ന ഏജൻസി ഏതാണെന്നതല്ല പ്രധാനമെന്നും തെളിവുകൾ പുറത്തുവരുമ്പോൾ അന്വേഷണം നടക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് കോൺഗ്രസ് കൊണ്ടുവന്നതല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. സാധാരണ കേസുകളിൽ ആരോപണങ്ങൾ തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. എന്നാൽ ഈ കേസിൽ ഉത്തരവാദിത്വം ആരോപണവിധേയർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button