ഒരു ആഴ്ചയ്ക്കിടെ രണ്ട് മോഷണശ്രമങ്ങൾ… രാത്രികാല മോഷണശ്രമങ്ങൾ തുടർക്കഥ

മലപ്പുറം: പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ മോഷ്ടാക്കളുടെ സാന്നിധ്യം വീണ്ടും സജീവമായത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിക്കുന്നു. നെടുവ, കുപ്പിവളവ് തുടങ്ങിയ മേഖലകളിലാണ് രാത്രികാലങ്ങളിൽ മോഷണശ്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്. വീടുകൾ ലക്ഷ്യമിട്ട് മോഷ്ടാക്കൾ എത്തുന്ന സംഭവങ്ങൾ വർധിച്ചതോടെ രാത്രികാല സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സമീപ പ്രദേശങ്ങളിൽ രണ്ട് മോഷണശ്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച ചേളാരി റോഡിലെ മൊടുവിങ്ങലിൽ കാട്ടിക്കൊലോത്ത് രവീന്ദ്രന്റെ വീട്ടിൽ മോഷണശ്രമം നടന്നു. വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ശബ്ദം കേട്ട് ഉണർന്ന് ബഹളംവെച്ചു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി മോഷ്ടാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച പുലർച്ചെ നെടുവ താണ്ടാംപറമ്പത്ത് അർമുഖന്റെയും കാഞ്ഞിരശ്ശേരി സുമതിയുടെയും വീടുകൾക്ക് സമീപം മോഷണശ്രമം ഉണ്ടായത്. പുലർച്ചെ മൂന്നരയോടെയാണ് വീടുകൾക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്.

വീടിന് സമീപം ഒളിച്ചുനിന്നയാൾ വീട്ടുകാർ ബഹളംവെച്ചതോടെ പരിഭ്രാന്തനായി. പിന്നാലെ സിസിടിവി ക്യാമറയുടെ പരിധിയിൽപ്പെട്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർച്ചയായ മോഷണശ്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പരപ്പനങ്ങാടി നഗരസഭയിൽ നെടുവ ഉൾപ്പെടെ പ്രദേശങ്ങൾ ഉൾപ്പെടുന്നതായി നഗരസഭയുടെ ഔദ്യോഗിക വിവരങ്ങളും വ്യക്തമാക്കുന്നു.

Related Articles

Back to top button