13,800 പാക്കറ്റ് ഹാൻസ് കാണാതായ സംഭവം.. ആരോപണം നിഷേധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ

വയനാട്: സുല്ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ കാണാതായ സംഭവത്തിൽ ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ സബിത്ത് നിരപരാധിയാണെന്ന് പ്രതികരിച്ചു. താൻ തൊണ്ടിമുതൽ എടുത്തിട്ടില്ലെന്നും കാണാതായെന്ന് പറയുന്ന പുകയില ഉത്പന്നങ്ങൾ ഇപ്പോഴും സ്റ്റേഷൻ പരിധിയിൽ തന്നെയുണ്ടെന്നും സബിത്ത് പറഞ്ഞു.
ഓഗസ്റ്റ് 20ന് നൈറ്റ് ഡ്യൂട്ടിയിലായിരുന്ന സമയത്ത് പ്രോപ്പർട്ടി റൂമിന് പുറത്ത് തൊണ്ടിമുതലിന്റെ ചാക്കുകൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നാണ് സബിത്തിന്റെ വിശദീകരണം. വാഹനം കഴുകാനായി പുറത്തേക്ക് പോയപ്പോഴാണ് ചാക്കുകൾ ശ്രദ്ധയിൽപ്പെട്ടതെന്നും അവ തിരികെ പ്രോപ്പർട്ടി റൂമിൽ വയ്ക്കുന്നതിനായി താക്കോൽ അന്വേഷിച്ചെങ്കിലും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് ചാക്കുകൾ സ്വന്തം വാഹനത്തിൽ കയറ്റി ഡിവൈഎസ്പി ഓഫീസിന് പുറകിലുള്ള മുറിയിൽ സൂക്ഷിക്കുകയായിരുന്നുവെന്നും സബിത്ത് വ്യക്തമാക്കി. ഹാൻസ് ചാക്കുകൾ സ്റ്റേഷന് പുറത്തും വിവിധ സ്ഥലങ്ങളിലും സൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ ചാക്കുകൾ മറ്റൊരു മുറിയിലേക്ക് മാറ്റിയ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. രാത്രി ഏറെ വൈകിയതിനാലാണ് വിവരം അറിയിക്കാതിരുന്നതെന്നും പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞപ്പോൾ അറിയിക്കാൻ വിട്ടുപോയെന്നും സബിത്ത് പറഞ്ഞു. തുടർന്ന് താൻ അവധിയിൽ പ്രവേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളിലൂടെയാണ് താനാണ് കേസിലെ പ്രതിയെന്ന് അറിയുന്നതെന്നും തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത വിവരം പോലും ഇന്നാണ് അറിഞ്ഞതെന്നും സബിത്ത് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും തൊണ്ടിമുതൽ എവിടെയാണെന്ന് അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംഭവം അറിഞ്ഞതോടെ ബത്തേരി ഇൻസ്പെക്ടറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും സബിത്ത് പറഞ്ഞു. സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സബിത്ത് രാത്രിയിൽ സ്വന്തം കാറിൽ തൊണ്ടിമുതൽ കടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സ്റ്റേഷനിലേക്ക് ഒരു കാർ കടന്നുവരുന്നതും ലഹരിവസ്തുക്കളുടെ ചാക്കുകൾ കാറിലേക്ക് എടുത്തുവയ്ക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.13,800 പാക്കറ്റ് ഹാൻസും കൂൾലിപ്പുമാണ് സുല്ത്താൻ ബത്തേരി സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ നിന്ന് കാണാതായത്. കഴിഞ്ഞ ജൂണിൽ ബത്തേരിയിൽ നടന്ന വൻ ലഹരിവേട്ടയിൽ പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളാണ് സ്റ്റേഷനിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്നത്. ലഹരിവസ്തുക്കൾ കാണാതായ സംഭവത്തിൽ സെപ്റ്റംബർ എട്ടിനാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.




