പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാനമോഹികളായ കമ്യൂണിസ്റ്റുകാർ…

ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാനമോഹികളായ കമ്യൂണിസ്റ്റുകാരാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണകൂടത്തിലെ പുഴുക്കുത്തുകളും അധികാരമോഹികളായ നേതാക്കളുമാണ് ഇടതുപക്ഷത്തെ തുടർഭരണത്തിൽ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം വിമർശിച്ചു. പിണറായി വിജയന്റെ ഓഫീസിലെ പുഴുക്കുത്താണ് പി. ശശിയെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. എ.എൻ. ഷംസീറിനെതിരെയും രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.
ഷംസീർ യഥാർഥ ലീഗുകാരനാണെന്നും കമ്മ്യൂണിസ്റ്റുകാരനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല, ലീഗ് മനസാണെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയനെപ്പോലുള്ളവർ ഏറെ ത്യാഗങ്ങൾ സഹിച്ചാണ് അധികാരസ്ഥാനങ്ങളിൽ എത്തിയതെന്നും ഷംസീർ അത്രയും ത്യാഗങ്ങളില്ലാതെ അധികാരത്തിലെത്തിയെന്നും വെള്ളാപ്പള്ളി വിമർശിച്ചു. മതേതരത്വം പറഞ്ഞുകൊണ്ടിരുന്നിട്ടും കാര്യമായ നേട്ടമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. 100 വർഷം കഴിഞ്ഞാലും ഏതെങ്കിലും രാഷ്ട്രീയ മുന്നണിയിൽനിന്ന് ഈഴവ സമുദായത്തിൽനിന്നുള്ള ഒരാൾ മുഖ്യമന്ത്രിയാകില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്താണ് ഗണേഷ് കുമാർ മന്ത്രിയായതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ ഭാഷയിലും അദ്ദേഹം വിമർശനം ഉന്നയിച്ചു.



