കോക്രോച്ച് ജനതാ പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുകിട്ടി; സിജെപി വിവാദത്തിൽ രാഷ്ട്രീയ പ്രതികരണങ്ങൾ ശക്തം

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കേ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി അറിയിച്ചു. നിലവിൽ അക്കൗണ്ടിന് 22.4 മില്യൺ ഫോളോവേഴ്സുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് അക്കൗണ്ട് വിലക്കിയതെന്ന ആരോപണം നേരത്തെ സിജെപി ഉയർത്തിയിരുന്നു.
അതേസമയം, സിജെപി പ്രസ്ഥാനത്തിനെതിരായ കേന്ദ്രസർക്കാരിന്റെ നടപടികളെ വിമർശിച്ച് കെ.സി. വേണുഗോപാൽ രംഗത്തെത്തി. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായ സാഹചര്യത്തിൽ യുവാക്കളെ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്നതിന് ഉത്തരവാദി ആരാണെന്ന് അദ്ദേഹം ചോദിച്ചു. യുവജനങ്ങളുടെ അസംതൃപ്തിയും രോഷവുമാണ് ഇപ്പോൾ വിവിധ രൂപങ്ങളിൽ പ്രകടമാകുന്നതെന്നും ഇത്തരം സന്ദേശങ്ങളെ ഭരണകൂടം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലായിരിക്കണം സർക്കാരിന്റെ ശ്രദ്ധയെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്നും വേണുഗോപാൽ പറഞ്ഞു. പെട്രോൾ, ഡീസൽ വിലവർധനയും ജീവിതച്ചെലവിലെ കുതിപ്പും ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഘോഷങ്ങളിലും പ്രചാരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജനജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിജെപിക്ക് സമൂഹമാധ്യമങ്ങളിൽ ലഭിച്ച പിന്തുണയെ കുറിച്ച് പ്രതികരിച്ച ചെറിയാൻ ഫിലിപ്പ്, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ട യുവതലമുറയുടെ അസ്വസ്ഥതയും രോഷവുമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തിയത്. ഈ പ്രവണതയെ വെറും അരാഷ്ട്രീയ വികാരമായി തള്ളിക്കളയാനാകില്ലെന്നും സംഘടിത രാഷ്ട്രീയ കക്ഷികൾക്ക് പുറത്തുള്ള വലിയൊരു വിഭാഗം ജനങ്ങളുടെ വികാരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും രാഷ്ട്രീയ പാർട്ടികൾ ഗൗരവത്തോടെ വിലയിരുത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
