കെ റെയിൽ ഉപേക്ഷിച്ച സതീശൻ സർക്കാരിന് ഗിവർഗീസ് മാർ കൂറിലോസിന്റെ അഭിനന്ദനം

തിരുവനന്തപുരം: കേരളത്തിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റും ജനകീയ സമരങ്ങളും ഉയർത്തിയ സിൽവർലൈൻ (കെ-റെയിൽ) അതിവേഗ റെയിൽവേ പദ്ധതി യു.ഡി.എഫ് സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പൂർണ്ണമായി റദ്ദാക്കിയതായും സ്ഥലങ്ങളിൽ സ്ഥാപിച്ച ‘മഞ്ഞക്കുറ്റികൾ’ അടിയന്തിരമായി പിഴുതുമാറ്റാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന പദ്ധതി ഉപേക്ഷിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെയും സർക്കാരിന്റെയും തീരുമാനത്തെ മലങ്കര യാക്കോബായ സുറിയാനി സഭ മുൻ ഭദ്രാസനാധിപൻ ഗിവർഗീസ് മാർ കൂറിലോസ് അഭിനന്ദിച്ചു. ഇത് സാധാരണക്കാരായ ജനങ്ങളുടെ 6 വർഷത്തോളം നീണ്ട പോരാട്ടത്തിന്റെ വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി ഉപേക്ഷിച്ചതിനൊപ്പം സമരത്തിൽ പങ്കെടുത്ത ജനങ്ങൾക്കെതിരെയുള്ള പോലീസ് കേസുകൾ പിൻവലിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സിൽവർലൈൻ സമരവുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും നിലനിൽക്കുന്ന കേസുകൾ ആഭ്യന്തര വകുപ്പ് പ്രത്യേകം പരിശോധിച്ച്, അവയുടെ സ്വഭാവം അനുസരിച്ച് പിൻവലിക്കാൻ കോടതിക്ക് ശുപാർശ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ-റെയിൽ കടന്നുപോകുന്ന പാത എന്ന് അടയാളപ്പെടുത്തിയതിനാൽ വർഷങ്ങളായി ഈ ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ ബാങ്ക് ലോൺ എടുക്കാനോ ഉടമകൾക്ക് കഴിഞ്ഞിരുന്നില്ല. വിജ്ഞാപനം റദ്ദാക്കിയതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമായി.
ഭരണാവസാന വർഷമായ 2031-ന് മുൻപായി ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പൂർണ്ണമായി പാലിക്കാൻ ലക്ഷ്യമിട്ടുള്ള ‘വിഷൻ 2031’ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ജൂൺ ഒന്ന് മുതൽ 100 ദിവസത്തെ കർമ്മപരിപാടി ആരംഭിക്കും. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതും വേഗത്തിൽ തീർപ്പാക്കാൻ കഴിയുന്നതുമായ എല്ലാ വിഷയങ്ങളും ഈ 100 ദിവസത്തെ കർമ്മപരിപാടിയിലൂടെ പരിഹരിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. കെ-റെയിൽ ഔദ്യോഗികമായി റദ്ദാക്കിയ പ്രഖ്യാപനം ഈ നൂറുദിന കർമ്മപരിപാടിയുടെ വലിയൊരു തുടക്കമായാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.



