“ബംഗാളിൽ കൊള്ള, കേരളത്തിൽ ജനാധിപത്യമോ?”…… മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ വൻ വിവാദം

തിരുവനന്തപുരം: മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് വ്യാപക രാഷ്ട്രീയ പ്രകോപനവും വിമര്‍ശനവും. ഭരണമാറ്റത്തിന് തൊട്ടുപിന്നാലെ, യാതൊരുവിധ ‘കൂളിങ് പിരീഡും’ പാലിക്കാതെയാണ് ഈ സുപ്രധാന നിയമനം നടന്നിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി സിപിഐഎം, സിപിഐ, ഡിവൈഎഫ്ഐ, ബിജെപി എന്നീ സംഘടനകളുടെ മുൻനിര നേതാക്കൾ മുഖ്യമന്ത്രി സതീശനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ കടുത്ത ആക്രമണവുമായി രംഗത്തെത്തി. ബംഗാളിൽ സമാനമായ നിയമനം നടന്നപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വിമർശനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ നേതാക്കളുടെ ചോദ്യങ്ങൾ.
രത്തൻ ഖേൽക്കറുടെ നിയമനത്തിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വവും രാഹുൽ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി. രാജീവ് ആവശ്യപ്പെട്ടു. ബംഗാളിലെ സമാനമായൊരു നിയമനത്തെ ‘വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം’ എന്നാണ് അന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ബംഗാളിലെ വിഷയത്തിൽ രാഹുൽ ഗാന്ധി എതിർക്കുമ്പോൾ, അതേ നിലപാടാണോ കേരളത്തിലെ കോൺഗ്രസ് ഭരണത്തിനുള്ളത്? ഈ ഇരട്ടത്താപ്പിൽ കേന്ദ്ര നേതൃത്വം മറുപടി പറയണം. പി. രാജീവ് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ മോദി സർക്കാരിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയെപ്പോലെയാണ് പ്രവർത്തിച്ചതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. പൗരന്മാർക്ക് വോട്ടവകാശം ഉറപ്പാക്കാനല്ല, പരമാവധി പേർക്ക് മതവും ജാതിയും നോക്കി വോട്ടവകാശം നിഷേധിക്കാനാണ് ഇലക്ഷൻ കമ്മീഷൻ ഉത്സാഹം കാണിച്ചതെന്നും ആ നയങ്ങളുടെ വിശ്വസ്ത വിധേയനായാണ് രത്തൻ ഖേൽക്കർ കേരളത്തിൽ പ്രവർത്തിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു. ബംഗാളിലെ ബി.ജെ.പി ഗവൺമെന്റിന്റെ വഴിയിലൂടെയാണോ കേരള മുഖ്യമന്ത്രിയും സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ, മുഖ്യമന്ത്രിയാകുന്നതിന് മുൻപ് വി.ഡി. സതീശൻ നടത്തിയ മംഗലാപുരം യാത്രയും ചാർട്ടേഡ് ഫ്ലൈറ്റ് വിവാദങ്ങളും ഇതോടെ കൂടുതൽ ദുരൂഹമാകുകയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക രേഖകളിൽ ബി.ജെ.പിയുടെ സീൽ പതിച്ച വിവാദ വിഷയത്തിൽ ന്യായം പറഞ്ഞയാളാണ് രത്തൻ ഖേൽക്കർ എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഓർമ്മിപ്പിച്ചു. എന്ത് കള്ളം ചെയ്തു തന്നതിനാണ് ഈ സെക്രട്ടറി പദവി എന്ന ‘റിവാർഡ്’ എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫുകാർ ഡീൽ ആരോപണം ഉന്നയിച്ചതും ലീഗുകാർ സ്ട്രോങ്ങ് റൂമിന് കാവലിരുന്നതുമെല്ലാം ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ പെരുമാറ്റ ശൈലി മാത്രമായിരുന്നുവെന്ന് മലയാളിക്ക് ഇപ്പോൾ മനസ്സിലായെന്നും സനോജ് പരിഹസിച്ചു.
വിഷയത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്തെത്തി. ബംഗാളിൽ ബി.ജെ.പി സർക്കാർ (സുവേന്ദു അധികാരി മുഖ്യമന്ത്രിയായ ഗവൺമെന്റ്) മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ മനോജ് അഗർവാളിനെ ഉപദേശകനാക്കിയപ്പോൾ വോട്ട് ചോരിക്കുള്ള സമ്മാനമെന്ന് വിളിച്ചവരാണ് കോൺഗ്രസുകാർ. എന്നാൽ കേരളത്തിൽ വി.ഡി. സതീശൻ ഇതേ കാര്യം ചെയ്യുമ്പോൾ അത് ജനാധിപത്യത്തിന്റെ സൗന്ദര്യമായി മാറുന്നു. രാഹുൽ ഗാന്ധിയും കമ്പനിയും ഭൂലോക ഇരട്ടത്താപ്പ് സംഘമാണെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു.



