ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ചു….

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ഔദ്യോഗികമായി നിയമിച്ചു. പുതിയ വി.ഡി. സതീശൻ സർക്കാരിൽ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് സ്റ്റാഫ് നിയമനത്തിൽ അന്തിമ തീരുമാനമായത്. ഹരി പി. നായർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാകും. പി.എ. റോയി അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും എ.എം. ഹബീബ് ഖാൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമാകും. ആർ പ്രതീഷ് കുമാറാണ് അഡീഷണൽ സെക്രട്ടറി. കെ. ഹരികുമാർ പഴ്സണൽ അസിസ്റ്റന്റ്.

ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ രമേശ് ചെന്നിത്തല ഇന്ന് (ശനിയാഴ്ച) തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. സംസ്ഥാനത്തെ ക്രമസമാധാന നിലയും പോലീസ് സേനയുടെ പ്രവർത്തനങ്ങളും യോഗത്തിൽ വിശദമായി വിലയിരുത്തി. സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിലും വരും ദിവസങ്ങളിൽ സമൂലമായ മാറ്റം കൊണ്ടുവരും. ജനങ്ങൾക്ക് ഭയമില്ലാതെ കടന്നുവരാൻ സാധിക്കുന്ന രീതിയിൽ പോലീസ് സ്‌റ്റേഷനുകളെ പൂർണ്ണമായും ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും.

കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിൽ പോലീസ് യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കരുത്. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ അതിശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലയേറ്റ ശേഷം മന്ത്രി നടത്തുന്ന ഈ നിർണ്ണായക നീക്കങ്ങൾ വരും ദിവസങ്ങളിൽ പോലീസ് സേനയിൽ വലിയ അഴിച്ചുപണികൾക്ക് വഴിവെക്കുമെന്നാണ് സൂചന.

Related Articles

Back to top button