മുഖ്യമന്ത്രി വിഡി സതീശനായി അമ്പലപ്പാറയിൽ പായസ വഴിപാട്; അങ്കണവാടികളിലും, ഖാദി കേന്ദ്രത്തിലും ഉൾപ്പെടെ…

കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി ഡി സതീശനുവേണ്ടി പായസ വഴിപാട്. ഒറ്റപ്പാലം അമ്പലപ്പാറയിൽ ആണ് പുതിയ മുഖ്യമന്ത്രിക്ക് വേണ്ടി പായസ വഴിപാട് നടത്തിയത്. മുതലപ്പാറക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് വഴിപാട് കഴിപ്പിച്ചത്. വി ഡി സതീശൻ- ഉത്രാടം നാളിൽ കഠിന പായസ വഴിപാട് ആണ് നടത്തിയത്. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായാണ് ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയത്. കോൺഗ്രസ് അമ്പലപ്പാറ മണ്ഡലം കമ്മിറ്റിയാണ് വിഡി സതീശനുവേണ്ടി വഴിപാട് കഴിച്ചത്. 102 സീറ്റോട് കൂടി യുഡിഎഫ് നേതൃത്വത്തിലുള്ള മന്ത്രിസഭ സ്ഥാനമേൽക്കുമ്പോൾ അതിലുപരി വിഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷത്തിന്റെ ഭാഗമായാണ് വഴിപാട് നടത്തിയത്. വഴിപാട് പായസം പ്രദേശത്തെ അങ്കണവാടികളിലും, ഖാദി കേന്ദ്രത്തിലും ഉൾപ്പെടെ പ്രവർത്തകർ തന്നെ വിതരണം ചെയ്യുകയും ചെയ്തു.
അതേസമയം, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആദ്യ ദിനം തന്നെ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് തീരുമാനിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വിഡി സതീശൻ. കെഎസ്ആർടിസി ബസിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം വയോജനങ്ങൾക്കുവേണ്ടി പ്രത്യക വകുപ്പ് രൂപീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ആശമാരുടെ ഓണറേറിയം വർധിപ്പിച്ചു. 3000 രൂപയാണ് വർധിപ്പിച്ചത്.
ആശാവർക്കമാരോടൊപ്പം തന്നെ അങ്കണവാടി ജീവനക്കാരുടെ വേതനവും കൂട്ടി. ആയിരം രൂപയാണ് വർധിപ്പിക്കാനാണ് തീരുമാനമായത്. ആദ്യഘട്ടമായാണ് ആയിരം രൂപ കൂട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകത്തൊഴിലാളികളുടെ വേതനവും വർധിപ്പിച്ചു. ആയിരം രൂപയാണ് കൂട്ടിയത്. പ്രീപ്രൈമറി ടീച്ചർ, ആയമാർ എന്നിവരുടെ വേതനവും ആയിരം രൂപ കൂട്ടി. അതേസമയം നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരൻ പ്രോടേം സ്പീക്കറാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



