ഓ… നാളെത്തൊട്ട് വീണ്ടും പോകണമല്ലോ; തിങ്കളാഴ്ചയോട് ശരിക്കും ഭയമോ? എന്താണ് സൺഡേ ആങ്സൈറ്റി?

ഒരാഴ്ച മുഴുവൻ ജോലിഭാരവും തിരക്കുകളും കഴിഞ്ഞ് ലഭിക്കുന്ന ഏക വിശ്രമദിനമാണ് പലർക്കും ഞായറാഴ്ച. എന്നാൽ ഈ അവധിദിനം അവസാനിക്കുമ്പോൾ, പ്രത്യേകിച്ച് ഞായറാഴ്ച വൈകുന്നേരത്തോടെയും രാത്രിയോടെയും ചിലർക്കു മനസ്സിൽ അസ്വസ്ഥത, സമ്മർദം, കാരണമില്ലാത്ത ഉത്കണ്ഠ തുടങ്ങിയ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. തിങ്കളാഴ്ച വീണ്ടും ജോലിക്ക് പോകേണ്ടതോ പഠനത്തിലേക്ക് മടങ്ങേണ്ടതോ എന്ന ചിന്തയാണ് ഇതിന് പ്രധാന കാരണം.
ഇതിനെ പൊതുവെ സൺഡേ ആങ്സൈറ്റി എന്ന് വിളിക്കപ്പെടുന്നു. ഇത് ഒരു ഔദ്യോഗിക രോഗാവസ്ഥയല്ലെങ്കിലും, ജീവിതശൈലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദത്തിന്റെ ഒരു രൂപമായി മനശ്ശാസ്ത്ര വിദഗ്ധർ ഇതിനെ കാണുന്നു. സാധാരണയായി, വരാനിരിക്കുന്ന ജോലിഭാരം, ഡെഡ്‌ലൈൻ, മീറ്റിങ്ങുകൾ, പഠന സമ്മർദം തുടങ്ങിയവയെക്കുറിച്ചുള്ള അമിത ചിന്തയാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. അവധി ദിവസത്തെ സ്വാതന്ത്ര്യത്തിൽ നിന്ന് തിരക്കേറിയ ജോലിദിനത്തിലേക്കുള്ള “മാനസിക മാറ്റം” ചിലർക്കു ബുദ്ധിമുട്ടുണ്ടാക്കുകയും അതിലൂടെ ഉത്കണ്ഠ വർധിക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, ഉറക്കമില്ലായ്മ, അസ്വസ്ഥത, അലസത, വരാനിരിക്കുന്ന ദിവസത്തെക്കുറിച്ചുള്ള നിരന്തര ചിന്തകൾ എന്നിവ ഉൾപ്പെടാം. ചിലപ്പോൾ ശരീരത്തിൽ ക്ഷീണം പോലുള്ള അനുഭവങ്ങളും ഉണ്ടാകാം.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത് സ്ഥിരമായി അനുഭവപ്പെടുന്നുവെങ്കിൽ അത് മാനസികാരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
അതിനാൽ അവധി ദിവസത്തിന്റെ അവസാനം തന്നെ അടുത്ത ആഴ്ചയുടെ ജോലികൾ ക്രമീകരിക്കുക, ചെറിയ പ്ലാനിംഗ് നടത്തുക, വിശ്രമത്തിനും വിനോദത്തിനും സമയമിടുക, ഉറക്കക്രമം നിലനിർത്തുക തുടങ്ങിയ ശീലങ്ങൾ സഹായകരമായിരിക്കും.
ചുരുക്കത്തിൽ, സൺഡേ ആങ്സൈറ്റി പലർക്കും സാധാരണമായി അനുഭവപ്പെടുന്ന ഒരു മാനസിക പ്രതികരണമാണ്. എന്നാൽ അതിനെ അവഗണിക്കാതെ ശരിയായ ജീവിതശൈലി മാറ്റങ്ങളിലൂടെ നിയന്ത്രിക്കാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
സൺഡോ ആങ്സൈറ്റിക്കുള്ള പ്രധാന കാരണങ്ങൾ
ജോലിസമ്മർദ്ദം
ടാസ്കുകൾ, അടുത്ത ആഴ്ചയിലെ ഡെഡ്‌ലൈൻ, മീറ്റിങ്ങുകൾ എന്നിവ ചിന്തിക്കുന്നത് ഉത്കണ്ഠ കൂട്ടും.
ജോലി-ജീവിത ബാലൻസ് ഇല്ലായ്മ
വീക്കൻ്റിലും ജോലി ചിന്തകൾ വിട്ടുമാറാതെ തുടർന്നാൽ മനസിന് വിശ്രമം ലഭിക്കില്ല.
ജോലി ഇഷ്ടമല്ലാത്തത്
സ്വന്തം ജോലി സന്തോഷം നൽകുന്നില്ലെങ്കിൽ തിങ്കളാഴ്ചയോടുള്ള വിരക്തി കൂടും.
ഉറക്കക്രമം മാറുന്നത്
വീക്കന്റിൽ വൈകി ഉറങ്ങുകയും വൈകി എഴുന്നേൽക്കുകയും ചെയ്യുന്നത് ബോഡി ക്ലോക്ക് തകർക്കും. ഇത് തിങ്കളാഴ്ചയെ കൂടുതൽ ബുദ്ധിമുട്ടാക്കും.
അമിതമായ പ്ലാനിങ്
തിങ്കളാഴ്ച ചെയ്യേണ്ട കാര്യങ്ങൾ മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് ഉത്കണ്ഠ കൂട്ടും.
സൺഡേ ആങ്സൈറ്റി ലക്ഷണങ്ങൾ
മാനസികമായ അസ്വസ്ഥത
ഹൃദയമിടിപ്പ് കൂടുക
ഉറങ്ങാൻ ബുദ്ധിമുട്ട്
തലവേദന
വയറുവേദന അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ
മാനസികാവസ്ഥ മാറുക
ചെറിയ കാര്യങ്ങൾക്കും ദേഷ്യം
സൺഡേ ആങ്സൈറ്റി കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം
തിങ്കളാഴ്ചയ്ക്ക് വേണ്ടി ചെറിയ പ്ലാൻ തയ്യാറാക്കുക, ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നേരത്തെ ഒരു ലിസ്റ്റ് തെയ്യാറാക്കുന്നത് അനിശ്ചിതത്വം കുറയാൻ സഹായിക്കും.
ഞായറാഴ്ച വൈകുന്നേരം പുസ്തകം വായിക്കുക, സംഗീതം കേൾക്കുക, നടക്കുക, യോഗ ചെയ്യുക തുടങ്ങിയ റിലാക്സിങ് പ്രവർത്തനങ്ങൾ ചെയ്യുക.
വീക്കൻ്റിൽ ഉറക്കസമയം തെറ്റിക്കരുത്. കഴിയുമെങ്കിൽ സ്ഥിരമായ ഉറക്കക്രമം പാലിക്കുക.
രാവിലെ കുറച്ചു കൂടി ആസ്വദ്യകരമാക്കാം. ഇഷ്ടമുള്ള ബ്രേക്ക്ഫാസ്റ്റ്, കോഫി, നല്ല ഔട്ട്ഫിറ്റ് എന്നിവ പ്ലാൻ ചെയ്യാം.
പ്രവർത്തന അതിരുകൾ നിശ്ചയിക്കുക. ഞായറാഴ്ച ജോലിയുമായി ബന്ധപ്പെട്ട ഇമെയിൽ, സന്ദേശങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക.
അടുത്ത ആഴ്ചയിലെ positive കാര്യങ്ങൾ കുറിച്ച് വയ്ക്കുക.
ഉത്കണ്ഠ സ്ഥിരമായി ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധൻ്റെ സഹായം തേടാം.


