അധികാരത്തിലെത്താൻ നിങ്ങളെ പറ്റിച്ചു, മോഡിഫിക്കേഷനിൽ മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ല’….. വി.ഡി സതീശനെതിരെ അഖിൽ മാരാർ

കൊച്ചി: വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയ വാഗ്ദാനങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. മോട്ടോർ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും, ഇതിൽ സംസ്ഥാന മുഖ്യമന്ത്രിക്ക് വ്യക്തിപരമായി ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അഖിൽ മാരാർ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ വ്യക്തമായ വിധികളുണ്ടെന്ന യാഥാർത്ഥ്യം നിലനിൽക്കെ, വി.ഡി സതീശൻ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് യുവാക്കളെ പറ്റിക്കുകയായിരുന്നുവെന്നാണ് അഖിൽ മാരാരുടെ ആരോപണം.
ഇക്കാര്യം താൻ മുൻപ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയോട് സംസാരിച്ചിരുന്നതായും അഖിൽ മാരാർ വെളിപ്പെടുത്തി. ആരെയും പറ്റിച്ചു കൊണ്ട് അധികാരത്തിൽ എത്താൻ ആഗ്രഹമില്ലാത്തതു കൊണ്ടാണ് രമേശ് ചെന്നിത്തല തനിക്ക് അതിന്റെ കൃത്യമായ നിയമ വശങ്ങൾ പറഞ്ഞു തന്നതെന്നും അഖിൽ കൂട്ടിച്ചേർത്തു. വാഹന പ്രേമികളെയും വ്ലോഗർമാരെയും ലക്ഷ്യമിട്ട് മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി സതീശൻ നടത്തിയ പ്രസ്താവനകളെയാണ്, അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ഈ വേളയിൽ അഖിൽ മാരാർ രാഷ്ട്രീയ ആയുധമാക്കുന്നത്. അഖിലിന്റെ ഈ ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
അഖിൽ മാരാരുടെ വാക്കുകൾ……
വണ്ടി പ്രാന്തൻമാർക്ക് സന്തോഷം നൽകുന്ന കാര്യം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കേട്ട് റീൽ ആക്കി ആഘോഷിക്കാൻ വരട്ടെ.
നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ ഒരു വണ്ടി പ്രാന്തൻ ആയിരുന്നു ഞാൻ.. ആദ്യം കാണുന്ന ചിത്രം 2015 ലെ ആണ്.. വല്ലവന്റെയും വണ്ടിയിൽ കയറി ഫോട്ടോ എടുത്തതല്ല.. ഏതാണ്ട് 8 മാസം എടുത്തു ഞാൻ ഡിസൈൻ ചെയ്തു പണിഞ്ഞെടുത്ത എന്റെ ജീപ്പ്.. ഈ ജീപ്പ് കൊണ്ട് റോഡിലിറങ്ങി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുമായി ഒരുപാട് വഴക്ക് ഉണ്ടാക്കി നടന്ന അന്നത്തെ 27 വയസുകാരന്റെ അതെ മനസ് ആണ് ഇപ്പോഴും.. പക്ഷെ കുടുംബത്തിന്റെ ഉത്തരവാദിത്വം ആഗ്രഹങ്ങളെക്കാൾ വലുതാണല്ലോ അത് കൊണ്ട് ഞാൻ എന്നിലെ പ്രാന്തനെ ചങ്ങലയിൽ ഇട്ട് കെട്ടി.
ഇനി ഞാൻ പറയുന്നത് കേൾക്കുക.. മുഖ്യ മന്ത്രിക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല..മോട്ടോർ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ കേന്ദ്രത്തിന്റെ ആണ്. അതിൽ സുപ്രീം കോടതിയുടെ വിധികളും ഉണ്ട്. ഇതിനെ മറി കടന്ന് നിയമം മാറ്റാൻ പറ്റില്ല എന്ന് വി ഡി സതീശന് അറിയാത്തത് കൊണ്ടല്ല അധികാരത്തിൽ എത്താൻ നിങ്ങളെ പറ്റിച്ചു എന്ന് മാത്രം.
കാരണം ഈ ഐഡിയ ശ്രീ രമേശ് ചെന്നിത്തലയോട് ഞാൻ ആദ്യം പറഞ്ഞിരുന്നു ആരെയും പറ്റിച്ചു അധികാരത്തിൽ എത്താൻ ആഗ്രഹം ഇല്ലാതിരുന്നത് കൊണ്ട് അദ്ദേഹം അതിന്റെ നിയമ വശങ്ങൾ എന്നോട് പറഞ്ഞു. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷയിൽ ഞാൻ ഇക്കാര്യം നിങ്ങളെ അറിയിക്കുന്നു.




