പാലക്കാട്ട് പോലീസിനെതിരെ കൊലവിളി….. എസ്എഫ്ഐ നേതാക്കൾ അടക്കം 50 പേർക്കെതിരെ ജാമ്യമില്ലാ കേസ്

പാലക്കാട്: നഗരമധ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യമായി കൊലവിളി നടത്തിയ സംഭവത്തിൽ 50 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. വിപിൻ ഉൾപ്പെടെയുള്ള കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെയാണ് പാലക്കാട് നോർത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
എസ്. വിപിൻ, മുഹമ്മദ് ശാദുലി, അഭിഷേക്, അഫ്‌സൽ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 46 പേർക്കുമെതിരെയാണ് നടപടി. നിയുക്ത എംഎൽഎ രമേഷ് പിഷാരടിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ പാലക്കാട് നഗരത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തെത്തുടർന്ന് സിപിഐഎം പാർട്ടി ഓഫീസിൽ കയറി പോലീസ് ലാത്തി വീശിയിരുന്നു. ഇതിൽ എസ്എഫ്ഐ പാലക്കാട് ഏരിയാ സെക്രട്ടറി നിഖിലിന് പരിക്കേറ്റിരുന്നു. ഇതിലുള്ള പ്രതിഷേധമായാണ് പോലീസ് ഉദ്യോഗസ്ഥരുടെ പേരും വിലാസവും വിളിച്ച് പറഞ്ഞ് പ്രവർത്തകർ ഭീഷണി മുഴക്കിയത്.
പോലീസുകാരെ പരസ്യമായി വെല്ലുവിളിക്കുകയും കൊലവിളി നടത്തുകയും ചെയ്തത് അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നേതാക്കൾ അടക്കമുള്ളവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.




