“ഇത് ജനങ്ങളെ കൊള്ളയടിക്കൽ”….. ഇന്ധനവില വർദ്ധനവിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന ഈ തീരുമാനം ഒട്ടും ന്യായീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങൾ ജനങ്ങൾക്ക് അനുകൂലമാക്കുന്നതിന് പകരം കേന്ദ്രം കോർപ്പറേറ്റുകളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാൻ തയ്യാറാകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്ധനവില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമാകും. ഇത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും.
ഗതാഗതച്ചെലവ് വർദ്ധിക്കുന്നത് തൊഴിലാളികളെയും കർഷകരെയും ഇടത്തരം കുടുംബങ്ങളെയും നേരിട്ട് ബാധിക്കും. നിലവിൽ തന്നെ പാചകവാതക ക്ഷാമവും വിലവർദ്ധനവും മൂലം ജനങ്ങൾ പ്രയാസപ്പെടുമ്പോഴാണ് പുതിയ ഇടിത്തീയായി ഇന്ധനവില വർദ്ധനവ് കൂടി വരുന്നത്. ശരിയായ ഭരണനയങ്ങളിലൂടെ ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള ജനവിരുദ്ധ നടപടികൾ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.



