കോൾപ്പാടത്ത് ബോട്ട് മുങ്ങിയ സംഭവം; കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

തൃശൂർ നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തിൽ 2 പേരെയാണ് കാണാതായത് ഇവരുടെ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കല്ലൂർ സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അഞ്ചംഗ സംഘം സഞ്ചരിച്ച മിനി ബോട്ട് പാടത്തിന് നടുവിൽ വെച്ച് മുങ്ങിയത്. പാടത്തെ വളർത്തു മീനിന് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ ആയിരുന്നു അപകടം. പിന്നാലെ മൂന്നുപേർ നീന്തി കയറുകയും രണ്ടുപേരെ കാണാതാകുകയുമായിരുന്നു. ഇവർക്കായി ഇന്നലെ ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചപ്പോൾ കാണാതായ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.



