വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം…. കനാലിൽ കുളിച്ച ഒൻപത് വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോട്ടൂർ സ്വദേശിയായ ഒൻപത് വയസുകാരനാണ് രോഗം ബാധിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മൂന്ന് ദിവസം മുൻപ് കൂട്ടുകാർക്കൊപ്പം കനാലിൽ കുളിച്ചതിന് പിന്നാലെയാണ് കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത്. കടുത്ത പനിയും വിട്ടുമാറാത്ത തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിൽ നിന്നാണ് രോഗാണു പകർന്നതെന്നാണ് പ്രാഥമിക നിഗമനം.

ഇതിന്റെ അടിസ്ഥാനത്തിൽ കനാലിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാവുകയുള്ളൂ. കെട്ടിക്കിടക്കുന്ന വെള്ളത്തിലും മലിനജലത്തിലും കാണപ്പെടുന്ന ‘നേഗ്ലേരിയ ഫൗളറി’ എന്ന അമീബ മൂക്കിലെ നേർത്ത ചർമ്മത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്.

(ശ്രദ്ധിക്കുക: കെട്ടിക്കിടക്കുന്ന വെള്ളത്തിലോ മലിനജലത്തിലോ കുളിക്കുന്നത് ഒഴിവാക്കുക. പനി, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ വൈദ്യസഹായം തേടുക.)

Related Articles

Back to top button