‘മട്ടൻ ബിരിയാണിയും, മട്ടൻ ചാപ്സും രുചികരമാണ്, മലബാർ ടച്ച് ഉണ്ട്’; ഭക്ഷണത്തിന് അഭിപ്രായം പറഞ്ഞ് പുലിവാല് പിടിച്ച് മന്ത്രി പി കെ ബഷീർ

കാറ്ററിംഗ് ടീമിനായി മന്ത്രി പി.കെ. ബഷീർ ചെയ്ത വീഡിയോ വിവാദത്തിൽ. തിരുവനന്തപുരത്ത് വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഭക്ഷണത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ വീഡിയോയാണ് വിനയായത്. മന്ത്രിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനം ശക്തമായത്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ആരോപണമാണ് വിമർശകർ ഉന്നയിക്കുന്നത്.

ഭക്ഷണത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ പറഞ്ഞതാണെന്ന് പി കെ ബഷീർ പ്രതികരിച്ചു. തിരുവനന്തപുരത്തെ ഒരു കല്യാണത്തിലെ കാറ്ററിംഗ് സർവീസിനെക്കുറിച്ച് പറയുന്ന പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിൻ്റെ വീഡിയോയാണ് സമൂഹമാധ്യമത്തിൽ വലിയ ചർച്ചയാവുന്നത്.

മട്ടൻ ബിരിയാണിയും, മട്ടൻ ചാപ്സും രുചികരമാണെന്നും, മലബാർ ടച്ച് ഉണ്ടെന്നുമാണ് മന്ത്രിയുടെ വാക്കുകൾ. എന്നാൽ ഇത് മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനമെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ പറയുന്നത്. മന്ത്രി എന്ന ഔദ്യോഗിക പദവി വ്യക്തിപരമായ നേട്ടങ്ങൾക്കോ സ്വകാര്യ സ്ഥാപനങ്ങളുടെ വാണിജ്യപരമായ പരസ്യങ്ങൾക്കോ പ്രൊമോഷനുകൾക്കോ ഉപയോഗിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം. ഇത് ബഷീർ ശൈലിയാണെന്ന് പറയുന്ന കൂട്ടരുണ്ട്. പരിഹസിക്കുന്നവർ വേറെയും.

എന്നാൽ സോഷ്യൽ മീഡിയ വിവാദത്തെ തള്ളുകയാണ് ബഷീർ. കല്യാണത്തിന് പോയതാണെന്നും, ഭക്ഷണം കഴിക്കുന്നതിനിടയിൽ അഭിപ്രായം ചോദിച്ചപ്പോൾ നല്ല കാര്യം പറഞ്ഞതാണെന്നും മന്ത്രി പികെ ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇതൊന്നും വിവാദമാക്കുന്നതിൽ അർത്ഥമില്ലെന്നാണ് മന്ത്രിയുടെ പക്ഷം.

എന്നാൽ വീഡിയോയുടെ പശ്ചാത്തലവും അത് ചിത്രീകരിച്ച സാഹചര്യവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. സംഭവത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള പ്രതികരണങ്ങളും ചർച്ചകളും തുടരുകയാണ്.

Related Articles

Back to top button