ഡൽഹിയിൽ ഭീകരാക്രമണ ജാഗ്രത…. ഐഇഡി സ്ഫോടനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെത്തുടർന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്കേറിയ മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ, മറ്റ് തന്ത്രപ്രധാന മേഖലകൾ എന്നിവിടങ്ങളിൽ വിപുലമായ പരിശോധനകൾ നടന്നുവരികയാണ്. ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസുകൾ (IED) ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന പ്രധാന മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തുന്നതിനായി വ്യാപകമായ പരിശോധനകൾ ആരംഭിച്ചു.
ഡൽഹിയിലെ ബിജെപി സംസ്ഥാന ഓഫീസിനും ദേശീയ ആസ്ഥാനത്തിനും പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിച്ചു. കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും വാഹനങ്ങൾ കർശനമായ പരിശോധനയ്ക്ക് ശേഷം മാത്രം കടത്തിവിടുകയും ചെയ്യുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡൽഹി പോലീസ് പ്രത്യേക പരിശോധനാ ഡ്രൈവുകൾ നടത്തുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ എന്നിവിടങ്ങളിൽ സിസിടിവി നിരീക്ഷണവും പട്രോളിംഗും ശക്തമാക്കി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.



