ചങ്ങനാശേരിയിൽ വൻ ലഹരിവേട്ട… 45,000 പാക്കറ്റ് ഹാൻസ് പിടികൂടി…. അഞ്ചംഗ സംഘം അറസ്റ്റിൽ

കോട്ടയം: ചങ്ങനാശേരിയിൽ വൻ പുകയില ഉൽപ്പന്ന വേട്ട. റെയിൽവേ സ്റ്റേഷന് സമീപമുള്ള വ്യാപാര സ്ഥാപനത്തിൽ നിന്നും വാഹനത്തിൽ നിന്നുമായി 45,000 പാക്കറ്റ് ഹാൻസ് ആണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ കടയുടമയും ഡ്രൈവറും ഉൾപ്പെടെ അഞ്ചംഗ സംഘം പിടിയിലായി. ചങ്ങനാശേരി റെയിൽവേ–അരമനപ്പടി റോഡിന് സമീപം പ്രവർത്തിക്കുന്ന ‘എൻഎലസ്കെ ട്രേഡിങ് ആൻഡ് മാർക്കറ്റിങ്’ എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടിയത്.
കടയുടമ ഫാത്തിമാപുരം സ്വദേശിയായ മുഹമ്മദ് സമീർ ഖാൻ, വാഹന ഉടമ വയനാട് തരുവണ സ്വദേശിയായ ബാബു പി, ഡ്രൈവർ വയനാട് മാനന്തവാടി സ്വദേശിയായ വി.ആർ. രജീഷ്, പായിപ്പാട് സ്വദേശി ശരണ് ശശി, ചങ്ങനാശേരി സ്വദേശി ഹരീഷ് ടി.എസ് എന്നിവരാണ അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് ചാക്കുകൾ കടയിലേക്ക് ഇറക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം ഉടൻ ഇടപെടുകയായിരുന്നു. 60 പ്ലാസ്റ്റിക് ചാക്കുകളിലായാണ് 45,000 പാക്കറ്റ് ഹാൻസ് സൂക്ഷിച്ചിരുന്നത്.
സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിൽപന നടത്തി അമിതലാഭം കൊയ്യാനാണ് ഇത്രയും വലിയ ശേഖരം എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ എസ്.എൻ. സുകേഷ്, ആർ. രാജേഷ്, ബി. സജീവ്കുമാർ, എസ്.സി.പി.ഒ തോമസ് സ്റ്റാൻലി, വി.എ. വിനോദ്, സി.പി.ഒമാരായ പ്രതീഷ്, നിയാസ്, എസ്. അരുൺ, ബിപിൻ ജോസഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



