118 അല്ല 120… മാസ്സ് ഭൂരിപക്ഷവുമായി ദളപതി… തമിഴ്‌നാട്ടിൽ ഇനി വിജയ് യുഗം… സത്യപ്രതിജ്ഞ നാളെ

അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ അഞ്ചു ദിവസം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. നാളെ രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം അംഗീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയമന ഉത്തരവ് വിജയ്‌ക്ക് കൈമാറി.
108 സീറ്റുകളിൽ വിജയിച്ച വിജയ്‌ക്ക് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എംഎൽഎമാരുടെ പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആദ്യം കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിരുന്നില്ല. സ്വതന്ത്രരുടെയും ഇടത് പാർട്ടികളുടെയും പിന്തുണയോടെ 120 എംഎൽഎമാരുടെ പിന്തുണക്കത്ത് ലഭിച്ചതോടെ ഗവർണർ വിജയ്‌യെ രാജ്ഭവനിലേക്ക് ക്ഷണിച്ചു. ഗവർണറെ കാണാൻ പോകുന്നതിനിടെ വിജയ്‌യുടെ വാഹനം പാതിവഴിയിൽ തിരിച്ചത് വലിയ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു.
എന്നാൽ ഗവർണർ സമയം അനുവദിച്ചതോടെ അദ്ദേഹം ലോക്ഭവനിലെത്തി അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിനായുള്ള ഒരുക്കങ്ങൾ ചെന്നൈയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു കഴിഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് അറുതി വരുത്തിക്കൊണ്ടാണ് ഒരു സിനിമാ താരം വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ഈ സത്യപ്രതിജ്ഞയ്ക്കുണ്ട്.



