രാജി നൽകാതെ മമത…. സോഷ്യൽ മീഡിയയിൽ ബയോ മാറ്റി പ്രതിഷേധം

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മമത ബാനർജി രാജിവെക്കാൻ വിസമ്മതിക്കുന്നത് ഭരണഘടനാപരമായ അനിശ്ചിതത്വങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, ഗവർണറുടെ സാന്നിധ്യത്തിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ മമത സർക്കാരിന്റെ ഭരണം ഔദ്യോഗികമായി അവസാനിച്ചു.
പരാജയം അംഗീകരിച്ച് ‘മുൻ മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിക്കാൻ മമത തയ്യാറായില്ല. പകരം തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ “മൂന്ന് തവണ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി (15, 16, 17-മത് വിധാൻസഭ)” എന്ന് മാറ്റി എഴുതി തന്റെ രാഷ്ട്രീയ സ്വാധീനം ഉറപ്പിച്ചു പറയാനാണ് അവർ ശ്രമിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും ഗവർണറെ കണ്ട് രാജി സമർപ്പിക്കാൻ മമത തയ്യാറാകാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഭവാനിപൂരിൽ മമത ബാനർജിയെ നേരിട്ട് പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ് ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി. തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ ശ്രദ്ധേയനായ സുവേന്ദു 2020-ലാണ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്.
ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക്, അശോക് കീർത്താനിയ, ക്ഷുധിറാം ടുഡു എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങ് ബിജെപിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങളാൽ മുഖരിതമായ ചടങ്ങ് ഒരു രാഷ്ട്രീയ ശക്തിപ്രകടനം കൂടിയായി മാറി. പുതിയ സർക്കാർ അധികാരമേറ്റെങ്കിലും മമതയുടെ നിലപാടുകൾ വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തെ കൂടുതൽ കലുഷിതമാക്കാൻ സാധ്യതയുണ്ട്.



