ഇറാനെതിരെ ട്രംപിന്റെ ‘പ്രോജക്ട് ഫ്രീഡം’…. വഴങ്ങിയില്ലെങ്കിൽ സൈനിക നടപടി

ചർച്ചകൾക്കും രാജ്യാന്തര ധാരണകൾക്കും ഇറാൻ വഴങ്ങുന്നില്ലെങ്കിൽ സൈനിക നടപടി വ്യാപിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇസ്ലാമാബാദിൽ അടുത്തയാഴ്ച നിർണ്ണായക ചർച്ചകൾ നടക്കാനിരിക്കെയാണ് അമേരിക്ക നിലപാട് കടുപ്പിച്ചത്. പ്രോജക്ട് ഫ്രീഡം പോലുള്ള വിപുലമായ പദ്ധതികളിലൂടെ ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ തകർക്കുമെന്നാണ് ട്രംപ് നൽകുന്ന സൂചന. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കമല്ലാതെ മറ്റ് വഴികളില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അടുത്തയാഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ വെച്ച് ചർച്ചകൾ പുനരാരംഭിക്കാൻ നീക്കമുണ്ട്. എന്നാൽ ഇറാൻ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഇതിന് തിരിച്ചടിയായേക്കാം. സമാധാന കരാറിലെത്തുന്നതിന് തൊട്ടുമുൻപ് ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണം ചർച്ചകളെ പ്രതിസന്ധിയിലാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രകോപനമാണ് ഇതിന് പിന്നിലെന്ന് ഇറാൻ വിദേശകാര്യമന്ത്രി ആരോപിച്ചു. ഇറാനുമായി ഒരു ധാരണയ്ക്കും സാധ്യതയില്ലെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ. ഇനി ആക്രമണം ഉണ്ടായാൽ വെറും 24 മണിക്കൂറിനുള്ളിൽ ഇറാന്റെ ഊർജ്ജ ശൃംഖലയും സാമ്പത്തിക സ്രോതസ്സുകളും പൂർണ്ണമായും തകർക്കാനുള്ള പ്ലാൻ തയ്യാറാണെന്ന് ഇസ്രായേൽ പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നത് ആഗോള വിപണിയിലെ എണ്ണവില വർദ്ധനവിനും കാരണമായേക്കാം.



