പാമ്പുകടിയേറ്റ് മകൻ മരിക്കുമെന്ന് ഭീഷണി… 70കാരിയിൽ നിന്ന് സ്വർണവും പണവും തട്ടി സ്ത്രീകൾ…

തൃശൂർ: സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയിൽ നിന്ന് ആറരപ്പവനോളം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപ്പറമ്പിൽ വീട്ടിൽ സുജാത (28), പടിഞ്ഞാറേ വെമ്പല്ലൂരിൽ താമസിക്കുന്ന പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്ത് വീട്ടിൽ റോജ (43) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 1.20ഓടെയായിരുന്നു സംഭവം. കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണലത (70)യാണ് തട്ടിപ്പിനിരയായത്. പുൽതൈലം വിൽക്കാനെന്ന വ്യാജേന വീട്ടിലെത്തിയ പ്രതികൾ വീടിരിക്കുന്ന സ്ഥലത്ത് സർപ്പദോഷമുണ്ടെന്നും രണ്ട് ദിവസത്തിനകം സ്വർണലതയുടെ രണ്ടാമത്തെ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു. സർപ്പകോപം തീർക്കാൻ സ്വർണം ഉപയോഗിച്ച് നാഗത്തിന്റെ മുട്ടയും ശിലയും തയ്യാറാക്കി സമർപ്പിക്കണമെന്നും പ്രതികൾ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച വീട്ടമ്മ കയ്യിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൂത്ത മരുമകളുടെ മാലയുമടക്കം ആറര പവനോളം സ്വർണവും 6,500 രൂപയും വഴിപാടിനായി പ്രതികൾക്ക് കൈമാറി.
പ്രതികൾ പോയതിന് ശേഷമാണ് താൻ കബളിപ്പിക്കപ്പെട്ടതായി വീട്ടമ്മയ്ക്ക് മനസ്സിലായത്. സംഭവത്തിൽ ആകെ 6.75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. തുടർന്ന് അന്തിക്കാട് പൊലീസിൽ പരാതി നൽകി. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. തട്ടിയെടുത്ത 48 ഗ്രാം സ്വർണം ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി കണ്ടെത്തി. ഇവിടെനിന്ന് സ്വർണം പൊലീസ് വീണ്ടെടുത്തു. അന്തിക്കാട് പൊലീസ് ഇൻസ്പെക്ടർ കേഴ്സൺ വി. മാർക്കോസിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.



